മോശമായി ചിത്രീകരിച്ചുകൊണ്ട് ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടുവെന്ന കേസില്‍ റെയില്‍വേ പോലീസ് കേസെടുത്തു. വളാഞ്ചേരി സ്വദേശിനിയുടെ ഫോണ്‍ നമ്പറാണ് സാമൂഹ്യദ്രോഹികള്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടതെന്നാണ് യുവതിയുടെ സംശയം.
സംഭവത്തെ തുടര്‍ന്ന് രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് യുവതി പൊറുതിമുട്ടിയിരിക്കുകയാണ്. പോലീസിലും ആര്‍പിഎഫിലും യുവതി പരാതി നല്കിയിരുന്നതിനൊടുവില് കഴിഞ്ഞദിവസമാണ് റെയില്‍വേ പോലീസ് കേസെടുത്തത്. കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമുവിലാണ് യുവതിയുടെ നമ്പര്‍ എഴുതിയിട്ടത്. ട്രെയിനില്‍ നമ്പര്‍ എഴുതിയിട്ടതായി അറിയിച്ചത് മറ്റൊരു യാത്രക്കാരനായിരുന്നു.
ശുചിമുറിയില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതിനെതുടര്‍ന്ന് ഫെബ്രുവരി 28ന് നിരവധി പേരാണ് യുവതിയെ പാതിരാത്രിയില്‍ വരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശുചിമുറിയില്‍നിന്ന് പേരും ഫോണ്‍ നമ്പറും മായ്ച്ചു കളഞ്ഞു.