കൊച്ചി: അമ്പത് വയസ് കഴിഞ്ഞ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി നല്കി ഹൈക്കോടതി.കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ സ്ത്രീക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായമെന്നാണു നിയമം.
ഇതേത്തുടര്‍ന്ന് വാടക ഗര്‍ഭധാരണത്തിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഒരാഴ്ചയ്ക്കകം ഇവര്‍ക്കു യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കാന് കേരള അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ആന്‍ഡ് സറോഗസി ബോര്‍ഡിന് കോടതി നിര്‍ദേശം നല്കി.
തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് കുട്ടികൾ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ത്രീ എന്‍ഡോമെട്രിയോസിസ് രോഗബാധിതയായതിനാല്‍ ഗര്‍ഭധാരണം സാധ്യമല്ല.
തുടര്‍ന്നാണ് ഇരുവരും ഗര്‍ഭപാത്രം വാടകയ്ക്കു നല്കാന് തയാറായ യുവതിയുമായി ബോര്‍ഡിന്റെ അനുമതി തേടിയത്. എന്നാല്‍ സ്കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനമെന്നതിനാല്‍ 50 വയസ് കഴിഞ്ഞെന്നു വിലയിരുത്തി ബോര്‍ഡ് അനുമതി നിഷേധിച്ചു.
ജനനം 1978 ജൂണ്‍ 21 ആയി രേഖപ്പെടുത്തിയിട്ടുള്ള ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ ബോര്‍ഡ് പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു.
മറ്റു രേഖകളും ആധികാരിമായി പരിശോധിക്കാമെന്നും സ്കൂള്‍രേഖകളില്‍ തെറ്റു സംഭവിച്ചതാണെന്നുമുള്ള വാദങ്ങള്‍ ഹര്‍ജിക്കാരി ഉയര്‍ത്തിയെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് അപ്പീല്‍ ഹര്‍ജിയുമായാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
ഹര്‍ജിക്കാരിയുടെ 50ാം ജന്മദിനം കഴിഞ്ഞെങ്കിലും 51 ആയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 51 ആകുന്നതിനു മുമ്പുള്ള മുഴുവന്‍ കാലയളവും ഉള്‍പ്പെടുന്നതാണ് 50 വയസെന്ന പരിധിയെന്നു കണക്കാക്കാം.
ആഗ്രഹിക്കുന്ന അര്‍ഹരായവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ ലഭിക്കാന്‍ അവസരമൊരുക്കുകയെന്നതാണു നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. അവസരം നിഷേധിക്കലല്ല നിയമപരമായ നിയന്ത്രണം മാത്രമാണു പ്രായപരിധിയിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.