അന്പലപ്പുഴ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. തകഴി കുന്നുമ്മ പന്നക്കളം പുത്തൻപറമ്പ് വീട്ടിൽനിന്നാണ് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ചത്. പുറക്കാട് പഞ്ചായത്ത് വാർഡ് 6 ൽ ഇല്ലിച്ചിറ പുത്തൻ പറമ്പ് വീട്ടിൽ ചെല്ലപ്പന്റെ മകൻ സുദേശനെ (40)യാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ നിർദേശാനുസരണം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. വീട്ടുടമസ്ഥനായ തോമസിന്റെ ചേട്ടന്റെ മകളുടെ കല്യാണത്തിന് തോമസ് രാവിലെ കുടുംബസമേതം വീട് പൂട്ടി പുറക്കാട് പള്ളിയിൽ പോയി.
കല്യാണം കഴിഞ്ഞ് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് തോമസിന്റെ ഭാര്യ ബീനയുടെ പരാതിയിന്മേൽ അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായി മോഷണ സ്ഥലത്തുനിന്നു അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച വിരലടയാളത്തിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ വീടുമായി സഹകരിച്ചിരുന്നവരിലേക്ക് അന്വേഷണം എത്തി.
അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ അനേഷണസംഘം പരിസരവാസികളുടെയും ബന്ധുക്കളുടെയും അടക്കം 50 ൽപരം ആളുകളുടെ വിരലടയാളവും കാൾ ഡീറ്റൈൽസും ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും പരിശോധിച്ചതിൽ മോഷണം നടക്കുന്നതിനു മുൻപും പിൻപും സ്വിച്ച് ഓഫ് ആയതും സ്ഥലത്തുനിന്നു മിസിംഗ് ആയ ആളുകളെയും കണ്ടെത്തി അന്വേഷണം നടത്തി.
മോഷണം നടന്ന വീടിനു സമീപം മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന സുദേശനെ സ്റ്റേഷനിൽ കൊണ്ടുവന്നു പരിശോധിച്ചതിൽ ഇയാളുടെ വിരലടയാളം സ്വർണം സൂക്ഷിച്ചിരുന്ന അലമാരയിൽ നിന്നു ലഭിച്ച വിരലടയാളുമായി യോജിക്കുന്നതായി മനസിലാക്കി. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിന്നീട് പോലീസിന്റെ തെളിവുകൾക്കു മുന്നിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവ ദിവസം എല്ലാവരും കല്യാണത്തിനു പോയ ശേഷം രാവിലെ 11 ന് മോഷണം നടന്ന വീടിനു 1.5 കിലോ മീറ്റർ അകലെ പാലത്തിനു സമീപം സ്കൂട്ടർ വച്ച ശേഷം നടന്ന് എത്തിയ പ്രതി വീടിന്റെ അടുക്കളവാതിലിന്റെ പൂട്ട് പൊളിച്ചു കിടപ്പു മുറിയിൽ കയറി അലമാര പൊളിച്ച് സ്വർണം കൈക്കലാക്കി.
മോഷ്ടിച്ച സ്വർണം കുഞ്ഞുമോൻ എന്നയാളുടെ പുരയിടത്തിൽ കുഴിച്ചിട്ട ശേഷം രണ്ടു ദിവസം കഴിഞ്ഞ് സ്വർണം മാന്തിയെടുത്ത് താലിമാലയിലെ മിന്ന് കരുമാടിയിലെ പള്ളിയുടെ കാണിക്കവഞ്ചിൽ ഇട്ടു. ബാക്കി സ്വർണം വിറ്റ് പുതിയ സ്വർണം വാങ്ങി.
പ്രതി മോഷ്ടിച്ച മുഴുവൻ സ്വർണവും അമ്പലപ്പുഴ പോലീസ് കണ്ടെത്തി . പ്രതിയെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും. സമാന മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനീഷ് കെ. ദാസ്, ഹാഷിം, ഫിംഗർ പ്രിന്റ് എക്സ്പേർട്ട് പ്രതിഭ. പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് കുമാർ, സുജിമോൻ, ബിബിൻദാസ്, വിഷ്ണു ജി, വിനിൽ എം. കെ, ജോസഫ് ജോയ്, മുഹമ്മദ് ഹുസൈൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.