കൊച്ചി: സംസ്ഥാനവ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്ഐ മാറിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ലഹരി മാഫിയ കേരളത്തില്‍ അവരുടെ ശൃംഖല വികസിപ്പിക്കുന്നുവെന്നും ഇതിന് കോളജുകളിലും ഹോസ്റ്റലുകളിലും എസ്എഫ്ഐ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു.
ലഹരിമാഫിയയ്ക്കു രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഉണ്ടെന്ന് 2022ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. സിപിഎം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്കു പോകും.
കളമശേരി പോളിടെക്നിക്കില്‍ എസ്എഫ്ഐ നേതാക്കളും യൂണിയന് ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയത്. പൂക്കോട് കോളജിൽ സിദ്ധാർഥന്റെ കൊലപാതകത്തിനു പിന്നിലും മയക്കുമരുന്ന് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്എഫ്ഐ നേതാക്കളുമുണ്ട്.
പഠനം കഴിഞ്ഞു പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. മയക്കുമരുന്നിനു പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തേ ഉന്നയിച്ച ആരോപണവും ഉത്കണ്ഠയും ശരിവയ്ക്കുന്ന സംഭവമാണു കളമശേരിയില്‍ നടന്നത്.
ലഹരിമാഫിയയുടെ ഉറവിടങ്ങളിലേക്ക് ഒരു അന്വേഷണവും നടത്തുന്നില്ല.
കേരളത്തിന് പുറത്തുനിന്നുള്ള ലഹരിവസ്തുക്കളുടെ വരവ് പൂര്‍ണമായും ഇല്ലാതാക്കണം. അയല്‍സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.