ചാരുംമൂട്: പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടലിനു നേരേ അതിക്രമം നടത്തിയ മൂന്നുപേർ പിടിയിൽ. താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ അക്രമം നടത്തി ഉടമയുൾപ്പെടെ മൂന്നുപേരെ മർദിച്ച് കടന്നുകളഞ്ഞ പ്രതികളെയാണ് മണിക്കൂറുകൾക്കകം നൂറനാട് പോലീസ് പിടികൂടിയത്.
വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനം അനൂപ് (28) വള്ളികുന്നം പുത്തൻചന്ത ലക്ഷ്മിഭവനം വിഷ്ണു (24) , വള്ളികുന്നം കടുവിനാൽ വരമ്പത്താനത്ത് ഷിജിൻ (21) എന്നിവരെയാണ് നൂറനാട് സിഐ എസ്. ശ്രീകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വള്ളികുന്നം സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, വീട് കയറി അക്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് പ്രതികൾ ഹോട്ടലിൽ നിന്ന് ബൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവിയുമടങ്ങുന്ന പാഴ്സൽ വാങ്ങി പോയത്. ഒരു മണിക്കൂറിനു ശേഷം മടങ്ങിവന്ന ഇവർ പാഴ്സലിൽ കറി കുറവായിരുന്നുവെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയും ഉടമയായ മുഹമ്മദ് ഉവൈസ്, ജേഷ്ട സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റജില എന്നിവരെ മർദിക്കുകയും ഹോട്ടലിൽ അക്രമം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചട്ടുകത്തിനുള്ള അടിയേറ്റ് ഉവൈസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സഹോദരനെയും ചട്ടുകത്തിന് ക്രൂരമായി മർദിച്ചു. അക്രമത്തിനു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഒടുവിൽ മാവേലിക്കര ഭാഗത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ഇന്നലെ വൈകിട്ട് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐ മാരായ എസ്. നിതീഷ്, അനിൽ, എസ് സിപിഒ മാരായ രാധാകൃഷ്ണൻ ആചാരി, ശരത്ത്, രജീഷ്, അനി, സന്തോഷ് മാത്യു, സിപിഒ മാരായ വിഷ്ണു, വിജയൻ, മനു കുമാർ എന്നിവരടങ്ങുന്ന സംഘം ടീമുകളായി തിരിഞ്ഞായിരുന്നു പ്രതികളെ പിടികൂടിയത്.