മനുഷ്യനു മാത്രമല്ല, ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വികാരവും വിചാരങ്ങളുമുണ്ട്. 25 വർഷമായി കൂടെ നടന്ന കൂട്ടുകാരിയുടെ വിയോഗത്തിൽ കരയുന്ന ആനയുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി ഒരേ സർക്കസ് കൂടാരത്തിൽ പ്രകടനം നടത്തുന്ന രണ്ട് പിടിയാനകളാണ് ജെന്നിയും മഗ്ദയും. റഷ്യന്‍ സര്‍ക്കസില്‍ നിന്നും വിരമിച്ച തന്റെ പങ്കാളിയായിരുന്ന ജെന്നി കുഴഞ്ഞു വീണു മരിച്ചതിനെ തുടർന്ന് ദുഃഖം സഹിക്കാനാകാതെ കണ്ണീർ വാർക്കുന്ന മഗ്ദയുടെ വീഡിയോയാണ് കാഴ്ചക്കാരന്റെ ഉള്ളുലച്ചത്. രണ്ട് മൃഗങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഴം ഈ വീഡിയോയിൽ കാണാൻ സാധിക്കും.
ജെന്നി മരിച്ചപ്പോൾ, മണിക്കൂറുകളോളം മൃഗഡോക്ടർമാരെ അവളുടെ അടുത്തേക്ക് വിടാൻ മഗ്ദ വിസമ്മതിച്ചു, പകരം അവളെ കെട്ടിപ്പിടിച്ച് അടുത്ത് നിന്ന് കരഞ്ഞു. തന്റെ തുമ്പിക്കൈ കൊണ്ട് അവളെ തലോടിയും തട്ടി വിളിക്കാൻ ശ്രമിച്ചുമൊക്കെ മഗ്ദ അവളുടെ അരികിൽ നിന്നും മാറാതെ നിന്നു.