ലാഹോർ: പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) വിമാനം ഒരു ചക്രമില്ലാതെ ലാൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. കറാച്ചിയിൽനിന്ന് പറന്ന് ലാഹോറിൽ ലാൻഡ് ചെയ്ത പികെ 306 എന്ന വിമാനത്തിന്റെ പിൻ ചക്രങ്ങളിലൊന്നാണു കാണാതായത്.
വിമാനം സുരക്ഷിതമായി അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തെന്നു പിഐഎ വക്താവ് അറിയിച്ചു. വിമാനം ഇറങ്ങിയശേഷം പരിശോധന നടത്തിയപ്പോഴാണ് ഒരു പിൻചക്രം ഇല്ലെന്ന് കണ്ടെത്തിയത്.
വിമാനം കറാച്ചിയിൽനിന്നു പുറപ്പെട്ടപ്പോൾ ഈ ചക്രം ഉണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിൽനിന്നു പറന്നുയരവേ റൺവേയിൽ വച്ച് എന്തോ ഇടിച്ചാവാം പിൻചക്രം അപ്രത്യക്ഷമായതെന്നാണു സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.