അച്ഛനെ കൊന്ന കേസിലെ പ്രതിയെ 32 വർഷം കാത്തിരുന്ന് മകൻ നൽകിയ ക്വട്ടേഷനിലൂടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 27ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. മാലൂർ തൃക്കടാരിപ്പൊയിലിൽ കട്ടൻ രാജു കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് 27ന് തുടങ്ങുന്നത്.
2009 നവംബർ ഒന്പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന കട്ടൻ രാജുവിനെ തൃക്കാരിപ്പൊയിൽ മുണ്ടയോട് റോഡ് ജംഗ്ഷനിൽ കാറിൽ തട്ടിക്കൊണ്ടുപോയി ഒന്നു മുതൽ മൂന്നു വരെ പ്രതികൾ രാജുവിനെ അവരുടെ മടിയിൽ ബലമായി കിടത്തി പാന്റ് കൊണ്ട് കഴുത്തു മുറുക്കിയും കത്തി കൊണ്ട് ഒന്നാം പ്രതി കഴുത്തറുത്തും കൊലപ്പെടുത്തി. ശേഷം വെക്കളം പോത്തുകുഴി തോട്ടംപൊയിൽ എന്ന സ്ഥലത്ത് ശാസ്ത്രി നഗറിൽ നിന്ന് കോളയാടിന് പോകുന്ന റോഡിൽ മൃതദേഹം ഉപേക്ഷിച്ച് നിടുംപൊയിൽ വഴി പ്രതികൾ മാനന്തവാടി ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു.
ഇസ്മയിൽ ഒമ്പതാം പ്രതി വശം ക്വട്ടേഷൻ തുകയായ മൂന്നര ലക്ഷം രൂപ തലശേരിയിൽ വച്ച് പത്താം പ്രതിക്ക് കൈമാറിയതായും പോലീസ് കണ്ടെത്തുകയും ഈ തുയയിൽ ഒന്നേമുക്കാൽ ലക്ഷം രൂപ ഏഴാം പ്രതിയുടെയും പത്താം പ്രതിയുടെയും വീടുകളിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിനു കാരണം
1977ൽ മാലൂർ തോലമ്പ്ര പനമ്പറ്റ എന്ന സ്ഥലത്തു വച്ച് മരിയാടൻ മൊയ്തീൻ എന്നയാളെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി മൊയ്തുവിന്റെ മകൻ ഇസ്മയിൽ എന്ന ഇച്ചായി നൽകിയ ക്വട്ടേഷനെത്തുടർന്ന് പ്രതികൾ കട്ടൻ രാജുവിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഇസ്മയിൽ എന്ന ഇച്ചായി ഈ കേസിൽ ഏട്ടാം പ്രതിയാണ്. ഇസ്മയിലിനെ മാതാവ് ഗർഭം ധരിച്ചിരിക്കവെയാണ് കോൺഗ്രസ് പ്രവർത്തകനായിരുന്ന അച്ഛൻ മൊയ്തീൻ കൊല്ലപ്പെട്ടത്. കേസിലെ എട്ടാം പ്രതിയായ ഇസ്മായിലും രണ്ടാം പ്രതി ധനേഷും ഇപ്പോഴും ഒളിവിലാണ്. ധനേഷ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പ്രതികൾക്ക് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയത്. ക്വട്ടേഷൻ നൽകിയ മകൻ ഇപ്പോഴും ഒളിവിൽ തന്നെ. കൊലപാതകം നടന്ന് 16 വർഷത്തിനു ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 88 സാക്ഷികളാണ് ഈ കേസിൽ ഉള്ളത്. സിഐമാരായ തമ്പാൻ, ഷാജി, ചന്ദ്രൻ എന്നിവർ കേസന്വഷണം നടത്തുകയും സിഐ ഇ. ജലീൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കർണാടക രജിസ്ട്രഷനുള്ള കാറാണ് അക്രമി സംഘം സംഭവ സമയത്ത് ഉപയോഗിച്ചത്.
കുറ്റപത്രത്തിൽ പറയുന്നത്
കോട്ടയത്തുള്ള ഒന്നാം പ്രതിയുടെ വീട്ടിൽ വച്ചാണ് കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നത്. സംഭവം നടക്കുന്നതിന് നാലുദിവസം മുമ്പ് പ്രതികൾ കട്ടൻ രാജുവിനെ ലക്ഷ്യമിട്ട് വാടയ്ക്കെടുത്ത കാറിൽ ആയുധങ്ങളുമായി വരവെ വാഹനം വടകരയ്ക്കടുത്ത കണ്ണൂക്കരയിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന നാലു പ്രതികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതികൾ തുടർന്ന് അപകടത്തിൽപ്പെട്ട വാഹനം കെട്ടിവലിച്ച് കോട്ടയത്ത് എത്തിക്കാൻ ഏർപ്പാട് ചെയ്തു. വടകരയിലെ സ്വകാര്യ ലോഡ്ജിൽ വ്യാജ മേൽവിലാസത്തിൽ തങ്ങിയ പ്രതികൾ അവിടെ വച്ചും ഗൂഢാലോന നടത്തി.
തുടർന്ന് പെരളശേരിയിലെത്തി വ്യാജ മേൽവിലാസത്തിൽ മുറിയെടുത്ത് താമസിക്കുകയും പ്രതികളിലൊരാൾ കട്ടൻ രാജവിന്റെ ചിത്രം പകർത്തി തിരിച്ചറിഞ്ഞ ശേഷം കൊലപാതകം നടത്തുകയുമായിരുന്നു. ഒന്നു മുതൽ ആറു വരെ പ്രതികളാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. മറ്റു പ്രതികൾ ഗൂഡാലോചനയിൽ പങ്കെടുത്തവരും ഒത്താശ ചെയ്തു കൊടുത്തവരുമാണെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
കോട്ടയം കുമാരനല്ലൂർ പെരുമ്പായിക്കടവ് മന്നത്തൂർ വീട്ടിൽ അരുൺ ഗോപൻ (36), ഇരിക്കൂർ കല്യാട് ബ്ലാത്തൂർ പുതിയ പുരയിൽ പി.സി. ധനേഷ് (43), ശിവപുരം കുഞ്ഞിക്കണ്ടി വീട്ടിൽ ആച്ചി എന്ന അസീസ് (41), വടക്കാംചേരി ചെറുതുരുത്തി ചുങ്കത്ത് ആറങ്ങാട്ടുകര മാളിയേക്കൽ അലി എന്ന മുഹമ്മദ് അഷ്റഫ് (46), കമാൽ എന്ന ഷംസു, കാടാച്ചിറ കോട്ടൂർ നസീറ മൻസിലിൽ മുഹമ്മദ് ഷാജി എന്ന മമ്മു (46) കോട്ടയം അയ്മനം സായൂജ്യം വീട്ടിൽ ശരത്കുമാർ എന്ന കണ്ണൻ, മാലൂർ തൃക്കടാരിപ്പൊയിൽ എടക്കാടൻകണ്ടി ഇച്ചായി എന്ന ഇസ്മയിൽ (48), സുബൈർ, കോട്ടയം അയ്മനം സ്വദേശി മണവത്ത് വീട്ടിൽ മുരളി (58), കോട്ടയം പാമ്പാടി സ്വദേശി സജീവ് (44), കോട്ടയം പാമ്പാടി പാങ്ങോട് കുന്നുംപുറത്ത് സജീവ് എന്ന കെ. തമ്പി (44) കോട്ടയം പാമ്പാടി ഇല്ലിമുറിക്കൽ സോന, സുബൈർ എന്നിവരാണ് പ്രതികൾ. ഇതിൽ പന്ത്രണ്ടാം പ്രതി സോനയും അഞ്ചാം പ്രതി കമാൽ എന്ന ഷംസുവും മരണമടഞ്ഞു. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി. പ്രേമരാജൻ, പി.സി നൗഷാദ് ,ടി. സുനിൽകുമാർ, കെ. എ ഫിലിപ്പ് എന്നിവരാണ് ഹാജറാകുന്നത്.