കുഞ്ഞുങ്ങളുടെ പല തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മിക്കവർക്കും കുഞ്ഞുങ്ങളുടെ വീഡിയോ കാണുന്നത് താൽപര്യവുമാണ്. കളിപ്പാട്ടങ്ങളായി വീട്ടിലെ ചട്ടിയും കലവും വരെ കുഞ്ഞുങ്ങൾ എടുത്ത് കളിക്കാറുണ്ട്. എന്നാൽ ജീവനുള്ള പാന്പുമൊത്ത് കളിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിൽ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
കസേരയിൽ ഇരിക്കുന്ന ഒരു കുഞ്ഞിൽ നിന്നാണ് വീഡിയോയുടെ തുടക്കം. പെട്ടെന്നൊരു പാന്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞു വരുന്നു. അത് കണ്ടയുടനെ അവൻ ആ പാന്പിനെ എടുക്കാൻ ചെല്ലുന്നത് കാണാം. പിന്നീട് പാന്പിന്റെ വാലിൽ പിടിച്ച് വലിച്ചു അവന്റെ അടുത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.
കുഞ്ഞ് പാന്പിനെ പിടിക്കുന്പോഴെല്ലാം അത് പല സ്ഥലത്തേക്ക് നീങ്ങിപ്പോകുന്നു. അപ്പോൾ അവൻ കരുതുന്നത് പാന്പും അവനോടൊപ്പം കളിക്കുകയാണെന്നാണ്. എന്നാൽ അൽപം സമയം കഴിഞ്ഞപ്പോൾ പാന്പ് നാക്ക് നീട്ടിയപ്പോഴാണ് ആശാന് കാര്യത്തിന്റെ ഗൗരവം മനസിലായത്. അവൻ പാന്പിനെ ഉപേക്ഷിച്ച് പോകാൻ ആരംഭിക്കുന്പോഴേക്കും വീഡിയോ അവസാനിച്ചു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അതിന് കമന്റുമായി എത്തിയത്. അപകടകരമായ വിധത്തിൽ കുഞ്ഞിനെവച്ച് വീഡിയോ ചിത്രീകരിച്ചതിന് മാതാപിതാക്കളെ എല്ലാവരും വിമർശിച്ചു. വിവേക് ചൗധരി എന്ന പാമ്പ് പിടിത്തക്കാരനാണ് ഈ വീഡിയോ പങ്കുവച്ചത്.