വീട്ടിൽ നിന്ന് മാറി നിൽക്കുന്പോഴാണ് നമുക്ക് സ്വന്തം വീട്ടിലെ ഭക്ഷണത്തിന്റെ വില മനസിലാകൂ എന്ന് പറയുന്നത് പലപ്പോഴും സത്യമാണ്. ജോലിക്കായോ അല്ലങ്കിൽ പഠനത്തിനു വേണ്ടയോ ഒക്കെ മറ്റു സ്ഥലങ്ങളിൽ ചെന്ന് അവിടെ താമസിച്ച് അവിടുത്തെ ഭക്ഷണം കഴിക്കുന്പോഴാണ് നാടും വീടും അമ്മയെയും അച്ഛനെയുമൊക്കെ കൂടുതൽ മിസ് ചെയ്യുന്നത്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ.
അങ്ങനെ മാറിത്താമസിക്കുന്ന സമയത്ത് നിങ്ങൾക്ക് ഒരു പാത്രത്തിൽ വീട്ടിൽ കിട്ടുന്ന അതേ രുചിയിൽ ഭക്ഷണം കിട്ടിയാൽ എന്താകും നിങ്ങളുടെ അവസ്ഥ? സന്തോഷത്തിനേക്കാൾ അപ്പുറം ഞെട്ടലാകും ആദ്യം ഉണ്ടാവുക എന്നത് ഉറപ്പല്ലേ. അത്തരമൊരു ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹോളി ആഘോഷിക്കാൻ വീട്ടിൽ പോകാൻ സാധിക്കാത്ത ഒരു യുവതിക്ക് പെട്ടെന്ന് വീടും നാടുമൊക്കെ വല്ലാതെ മിസ് ചെയ്തു. പെട്ടന്ന് അവൾക്ക് ചോറ് കഴിക്കാൻ തോന്നി. വീട്ടിൽ കിട്ടുന്ന അതേ രുചി കിട്ടില്ലന്ന് അറിയാമെങ്കിലും അവൾ റൈസ് ബോൾ കഴിക്കാനായി ഓർഡർ ചെയ്തു. അൽപ സമയത്തിനു ശേഷം ഭക്ഷണം എത്തി. കൂടെ ഒരു കുറിപ്പും.
‘ഞാൻ ഈ റെസ്റ്റോറന്റിലെ ഷെഫ് ആണ്. എനിക്ക് വേണ്ടി ഫൈവ് സ്റ്റാർ തരണം എന്നാണ് കുറിപ്പ്. ഒപ്പം ഷെഫായ നിഷയുടെ കഥയും അതിൽ പറയുന്നുണ്ട്. നിഷ ഒരു കോളേജ് വിദ്യാർഥിനിയാണെന്നും തന്റെ കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടിയാണ് ഈ ജോലി കൂടി ചെയ്യുന്നത് എന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിച്ചതോടെ യുവതിക്ക് സന്തോഷവും അഭിമാനവും തോന്നി. അതോടെ അവൾ അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാമെന്ന് കരുതി. എന്നാൽ പോസ്റ്റ് പങ്കുവച്ചതോടെ നിരവധി വിമർശനങ്ങളാണ് ഉണ്ടായത്. ഇതൊരു മാർക്കറ്റിംഗ് തന്ത്രമാണെന്നും നിരവധി ഹോട്ടലുകാർ ഇങ്ങനെ ചെയ്യാറുണ്ടെന്നും ആളുകൾ കമന്റ് ചെയ്തു.