കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽനിന്നു കാണാതായ പതിമൂന്നുകാരിയെയും ബന്ധുവായ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. താമരശേരി പോലീസ് നല്കിയ ഫോട്ടോയില്‍നിന്നാണ് കര്‍ണാടക പോലീസ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ഒപ്പം യുവാവുമുണ്ടായിരുന്നു. താമരശേരി പോലീസ് പെൺകുട്ടിയെയും യുവാവിനെയും ഇന്ന് ഉച്ചയോടെ താമരശേരിയില്‍ എത്തിക്കും.
മാര്‍ച്ച് 11 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരോധാനത്തിന് പിന്നില്‍ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ ആദ്യംതന്നെ പറഞ്ഞിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെതിരേ മുന്‍പ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. പരാതി പിൻവലിച്ചില്ലെങ്കിൽ പെണ്‍കുട്ടിയെ ലക്ഷ്യം വയ്ക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു.
എട്ടാം ക്ലാസ് വിദ്യാർഥിയാണു പെൺകുട്ടി. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പതിന് സ്കൂളിലേക്ക് പുറപ്പെട്ട മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് അച്ഛൻ താമരശേരി പോലീസില്‍ നല്കിയ പരാതി. ബന്ധുവായ യുവാവിനെയും അതേ ദിവസം കാണാതായിരുന്നു.
രണ്ടുപേരും തൃശൂരില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ ബംഗളൂരുവിലേക്ക് പോയേക്കാമെന്നുള്ള സൂചനയും പോലീസിന് കിട്ടിയിരുന്നു.