വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തലിനു വഴങ്ങി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതു താത്കാലികമായി നിർത്തിവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. രണ്ടു മണിക്കൂർ നീണ്ടുനിന്നു ഇരുവരുടെയും ഫോൺ സംഭാഷണം.
മുപ്പതു ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യരാജ്യങ്ങൾ പൂർണമായി നിർത്തിയശേഷം മാത്രം ട്രംപിന്റെ പദ്ധതി അംഗീകരിക്കാമെന്നാണ് പുടിന്റെ നിലപാട്. ട്രംപിന്റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു.
അതേസമയം, സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. മൂന്നു വർഷമായി നീളുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം പൂർണ വെടിനിർത്തലിലേക്കും സമാധാനകരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.