കോട്ടയം: നാര്‍ക്കോട്ടിക്സ് നിയമത്തിലെ പഴുതുകള്‍ ലഹരി മാഫിയയ്ക്ക് ബലമാകുന്നു. 999 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രതിയെ ജാമ്യത്തില്‍ വിടണമെന്നാണ് വ്യവസ്ഥ. റിമാന്‍ഡ് ചെയ്യണമെങ്കില്‍ കുറഞ്ഞത് ഒരു കിലോ കഞ്ചാവ് കൈയില്‍ വയ്ക്കണം.
ഈ സാഹചര്യം മുതലാക്കി അഞ്ചു ഗ്രാം, പത്തുഗ്രാം, അരിക്കിലോ വീതം പൊതികളുമായാണ് വില്‍പ്പനക്കാരുടെ നീക്കം. കൊക്കയിന് രണ്ടു ഗ്രാം, ആംഫെറ്റമിന്‍ രണ്ടുഗ്രാം, ഡയസിപാം 20 ഗ്രാം, ഹെറോയിന്‍ അഞ്ചു ഗ്രാം, മോര്‍ഫിന്‍ അഞ്ചു ഗ്രാം എന്നിങ്ങനെ ലഹരി വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും.
വിതരണക്കാരും ഉപഭോക്താക്കളും ഇത്തരത്തില്‍ വിവിധ പായ്ക്കറ്റുകളിലായിട്ടാണ് വലിയ തോതിൽ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നത്. ഓണ്‍ലൈന്‍, കൊറിയര്‍ മുഖേനയും സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ മുഖേനയും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതും കൊണ്ടുവരുന്നതും പതിവായിട്ടുണ്ട്.
എക്സൈസ് സേനയില്‍ വനിതകളുടെ എണ്ണം കുറവായതിനാല്‍ സ്ത്രീകളില്നിന്നു മയക്കുമരുന്ന് പടിച്ചെടുക്കുക എളുപ്പമല്ല. 18 വയസ് തികയാത്ത കുട്ടികളുടെ ദേഹ പരിശോധനയ്ക്ക് നിയമ പരിമിതികളുണ്ട്. ഹിന്ദി, ഒറിയ, ബംഗാളി സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കഞ്ചാവിന്റെ വന്‍ ശേഖരവുമായി കേരളത്തിലെത്തുന്നത്.
ഇവര്‍ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളിലെ ഇടനിലക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നു. ഭാഷാ പരിമിതി മൂലം പോലീസിനും എക്സൈസിനും ഇവരെ ചോദ്യം ചെയ്യുക എളുപ്പമല്ല. രാത്രികാല തട്ടുകടകള്‍, ടാക്സി ജീവനക്കാര്‍ എന്നിവരും കാരിയര്‍മാരാണ്. ഹോസ്റ്റലുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെ കച്ചവടം കൊഴുക്കുന്നത്.