കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍

kkd-busതുറവൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. ബസുകളുടെ മരണപ്പാച്ചില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളുമുണ്ടാക്കുന്നുണ്ട്.  സമയക്രമം പാലിക്കുന്നതിനിടെയുള്ള മത്സരയോട്ടത്തിനിടെ പലപ്പോഴും ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷങ്ങളും പതിവാണ്. സ്‌റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണമെന്ന നീയമവും മിക്ക സ്വകാര്യ ബസുകളും പാലിക്കുന്നില്ല. ഗതാഗത നീയമം തെറ്റിച്ചാണ് ബസുകളുടെ പരക്കം പാച്ചില്‍. സ്‌റ്റോപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ബസ് നിര്‍ത്തുന്ന രീതിയും തുടരുന്നുണ്ട്.

ചേര്‍ത്തലയില്‍ നിന്നും തുറവൂര്‍, എഴുപുന്ന, എരമല്ലൂര്‍ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലാണ് മത്സരയോട്ടം പതിവായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കണ്‍സഷന്‍ നല്‍കുന്നതില്‍ ജീവനക്കാര്‍ വൈമനസ്യം കാണിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷകളോടനുബന്ധിച്ച് സ്കൂള്‍ സമയത്തിനു ശേഷം സ്‌പെഷ്യല്‍ ക്ലാസുകള്‍ നടക്കുമ്പോഴും കണ്‍സഷന്‍  കൊടുക്കുവാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തയാറാകുന്നില്ല. ഗതാഗത കുരുക്കുമൂലം സമയനിഷ്ഠ പാലിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പക്ഷം.

സ്വകാര്യ ബസുകളുടെ വാതിലുകള്‍ അടച്ച് സര്‍വീസ് നടത്തണമെന്നു നീയമമുണ്ടെങ്കിലും ഭൂരിപക്ഷം ബസുകളും ഇതു പാലിക്കുന്നില്ല. ഗതാഗത നിയമങ്ങള്‍ മറികടന്നു കൊണ്ടുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് യാത്രക്കാര്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യവും ശക്തമാണ്്.

Related posts