പക്ഷിപ്പനി : നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമായില്ല; കര്‍ഷകരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

alp-tharavuആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച് ചുട്ടെരിക്കുന്ന താറാവുകളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് തീരുമാനമാകാത്തത് കര്‍ഷക പ്രതിഷേധത്തിനിടയാക്കുന്നു. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താറാവുകളെ സംസ്കരിക്കാനെത്തിയ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മില്‍ ഇന്നലെ തര്‍ക്കം ഉണ്ടായിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരാതെ താറാവുകളെ കൊല്ലാന്‍ അനുവദിക്കില്ലായെന്ന നിലപാടും കര്‍ഷകര്‍ സ്വീകരിച്ചിരുന്നു. തകഴി കുന്നുമ്മയില്‍ താറാവുകളെ സംസ്കരിക്കുന്നതിനായി ദ്രുതകര്‍മ സേനയെത്തിയപ്പോഴാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പല പാടശേഖരങ്ങളിലും താറാവുകള്‍ ചത്തുപൊങ്ങിക്കിടക്കുകയാണ്. ദിവസങ്ങളായി ചത്ത താറാവുകള്‍ അഴുകാനും തുടങ്ങിയിട്ടുണ്ട്.

നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് താറാവുകള്‍ ഇത്തരത്തില്‍ ദിവസങ്ങളായി ചത്ത് കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്കിടയാക്കുമെന്ന ആശങ്കയും നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പാടത്ത് ദിവസങ്ങളായി ചത്തുകിടന്ന താറാവുകളെ സംസ്കരിച്ചതിനുശേഷം മറ്റുള്ള താറാവുകളെ കൊല്ലാന്‍ അനുവദിക്കൂവെന്ന നിലപാടും നാട്ടുകാര്‍ എടുത്തിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരം തമ്മില്‍ ഇതിനെച്ചൊല്ലി വാക്കുതര്‍ക്കവുമുണ്ടായിരുന്നു. പിന്നീട് ഇത്തരത്തില്‍ പാടശേഖരങ്ങളില്‍ ചത്തുകിടന്ന താറാവുകളെ ശേഖരിച്ച് സംസ്കരിക്കുകയായിരുന്നു.

നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് പഞ്ചായത്തുതലത്തില്‍ കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷം മാത്രമേ രോഗബാധിതമായ താറാവുകളെ കൊല്ലാന്‍ നടപടി സ്വീകരിക്കൂ. ഇന്ന് ആറ് ദ്രുതകര്‍മ സേനയാണ് പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുള്ളത്. പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്ത വിവിധ പ്രദേശങ്ങളിലേക്ക് രാവിലെ തന്നെ സംഘം തിരിച്ചിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ സമീപ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളും പക്ഷിപ്പനി ബാധയെന്ന സംശയിക്കാവുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related posts