കോട്ടയം: വേനല്‍ മഴ ശക്തമായതോടെ കര്‍ഷകനെഞ്ചില്‍ ഇടിമുഴക്കം തുടങ്ങി. ഈര്‍പ്പം കൂടും തോറും കിഴിവും കൂടുകയാണ്. ഇപ്പോള്‍ പലയിടത്തും രണ്ടു കിലോ കിഴിവ് ആറുവരെയെത്തി. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കാഞ്ഞിരം ബ്ലോക്കിലെ 1200 ഏക്കര്‍ കൃഷിയില്‍ 400 ഏക്കറിലെ കൊയ്ത്ത് പൂര്‍ത്തിയാക്കി റോഡരികില്‍ നെല്ല് കൂന കൂട്ടിയിട്ട് 14 ദിവസമായി. ഇപ്പോഴും അതുപോലെതന്നെ കിടക്കുകയാണ്.
പാറേക്കടവ് പാടശേഖരത്തില്‍ 17 ദിവസവും വെമ്പള്ളി പാടശേഖരത്തില്‍ 21 ദിവസവുമായി കൊയ്ത്തുകഴിഞ്ഞിട്ട്. കുമരകം തുമ്പേക്കായല്‍ പാടശേഖരത്തിലും കിഴക്കേ പള്ളിക്കായല്‍ പാടശേഖരത്തിലും കൊയ്ത്തു കഴിഞ്ഞിട്ടു ദിവസങ്ങളായി. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകാര്‍ എത്തുന്നതും കാത്ത് റോഡിലും പാടങ്ങളിലുമായി നെല്‍ക്കൂനയ്ക്ക് കാവലിരിക്കുകയാണ് കര്‍ഷകര്‍.
കാഞ്ഞിരം ജെ ബ്ലോക്ക് പാടശേഖരത്തെ നെല്ലിന് നിഷ്കര്‍ഷിച്ചിരിക്കുന്ന ഗുണനിലവാരമുണ്ടെന്ന് കഴിഞ്ഞ ദിവസം രാവിലെ നെല്ല് പരിശോധിച്ചു വ്യക്തമാക്കിയ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാഷ്ട്രീയ -ഉദ്യോഗസ്ഥ- മില്ല് ലോബിയുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഉച്ചകഴിഞ്ഞപ്പോള്‍ മലക്കം മറിഞ്ഞു.100 കിലോ നെല്ലിന് രണ്ട് കിലോ കിഴിവു നല്‍കണമെന്ന മില്ലുകാരുടെ ആവശ്യത്തിനൊപ്പം പാഡി ഓഫീസറും സർക്കാരും ഉറച്ചുനിന്നതോടെ കര്‍ഷകര്‍ പെരുവഴിയിലായി.
വൈദ്യുതി മുടക്കവും കിഴിവുതര്ക്കവും
കുമരകം: ജില്ലയിലെ പുഞ്ച കൃഷിയുടെ കൊയ്ത്ത് 50 ശതമാനത്തോടടുക്കുമ്പോള് മഴയും കാറ്റും തുടരുന്നത് കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊയ്യാന്‍ പാകമായി വിളഞ്ഞുകിടക്കുന്ന നെല്ല് കൊയ്തെടുക്കാനോ കൊയ്തുകൂട്ടിയ നെല്ലിന്റെ സംഭരണം നടത്താനോ കഴിയാത്ത ദുരവസ്ഥയാണ് അപ്പര്‍ കുട്ടനാട്ടില്‍.
മഴയും കാറ്റും കാരണം വൈദ്യുതി വിതരണം തകരാറിലാകുന്നത് പതിവായതോടെ മഴവെള്ളം പുറംതള്ളാനാകാതെ വീണടിഞ്ഞു കിടക്കുന്ന നെല്ല് നശിച്ചുപോകുന്ന ദയനീയാവസ്ഥയാണ് പല പാടങ്ങളിലും. മഴ മാറാത്തതിനാല്‍ പ്രതീക്ഷ നശിച്ച കര്‍ഷകര്‍ കിഴിവു നല്കി നെല്ല് നല്കാന് നിര്ബന്ധിതരായിട്ടും വേണ്ടത്ര തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ സംഭരണവും മന്ദഗതിയിലാണ്.
കല്ലറയില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് നെല്ല്
കടുത്തുരുത്തി: കല്ലറയില്‍ കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ടണ്‍ കണക്കിന് നെല്ല് പാടത്ത് കെട്ടിക്കിടക്കുന്നു. സാധാരണ കൊയ്ത്ത് പൂര്‍ത്തിയായാല്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നെല്ല് കയറിപ്പോകാറാണ് പതിവ്. ഇപ്പോള്‍ 15 ദിവസം കഴിഞ്ഞിട്ടും സംഭരണത്തിനായുള്ള യാതൊരു നടപടികളുമില്ല. 15 ദിവസമായി കര്‍ഷകരെല്ലാവരും പാടത്തുതന്നെയാണ്.
ഇതിനിടെ വേനല്‍ മഴ നാലെണ്ണം കഴിഞ്ഞു. വെള്ളിയാഴ്ച രാത്രിയിലും കനത്ത മഴയും കാറ്റുമായിരുന്നു. കല്ലറയില്‍ ഒരു പാടശേഖരത്ത് മാത്രം കെട്ടിക്കിടക്കുന്നത് 15 ടണ്ണോളം നെല്ലാണ്. ഇതു കൂടാതെ സമീപത്തെ പാടത്തും ക്വന്റല്‍ കണക്കിന് നെല്ല് കൂട്ടിയിട്ടിരിക്കുന്നു. കല്ലറ മണിയന്തുരുത്ത് കുഴിപ്പറമ്പ്, സമീപത്തെ പോട്ടപറിച്ചിക്കരി പാടശേഖരങ്ങളിലാണ് സംഭരണം നടക്കാതായതോടെ രണ്ടാഴ്ചയിലേറെയായി നെല്ല് കൂട്ടിയിട്ടിരിക്കുന്നത്.
105 ഏക്കറോളം വരുന്ന മണിയന്തുരുത്ത് കുഴിപ്പറമ്പ് പാടത്ത് ആദ്യദിവസം മുതല്‍ കൊയ്തെടുത്ത നെല്ല് ഉള്‍പ്പെടെ കൂട്ടിയിട്ടിരിക്കുകയാണ്. 67 ഓളം കര്‍ഷകരാണ് ഈ പാടത്ത് കൃഷിയിറക്കിയത്. താര പ്രശ്നം തന്നെയാണ് ഇവിടെയും വില്ലനായിരിക്കുന്നത്. കര്‍ഷകര്‍ക്കായി നിലകൊള്ളേണ്ട ഉദ്യോഗസ്ഥര്‍ മില്ലുകാരുടെ ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
പത്ത് കിലോ താരയാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ മില്ലുകാര്‍ക്ക് നഷ്ടമാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. 15 ടണ്ണോളം നെല്ലാണ് ഈ പാടത്ത് മാത്രം കെട്ടി കിടക്കുന്നതെന്ന് മണിയന്തുരുത്ത് കുഴിപ്പറമ്പ് പാടശേഖരസമിതി സെക്രട്ടറി കെ.വി. ജോഷി പറഞ്ഞു. ഇതിന് സമീപത്തെ പോട്ടപറിച്ചിക്കരി പാടശേഖരത്തും നെല്ല് സംഭരണം നടക്കുന്നില്ല. 87 ഏക്കറോളം വരുന്ന പാടത്ത് 25 ഓളം കര്‍ഷകരാണ് കൃഷിയിറക്കിയത്. ഇവിടെ കെട്ടിക്കിടക്കുന്നത് 13 ടണ്ണോളം നെല്ലാണ്.