മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരിഹാസപരാമർശം വൻ വിവാദമായതിനെത്തുടർന്ന് ഷോ റെക്കോർഡ് ചെയ്ത മുംബൈ ഖറിലെ ഹോട്ടൽ ശിവസേന പ്രവർത്തകർ തകർത്തു. വസ്തുവകകൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ഷിൻഡെയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നു വിശേഷിപ്പിച്ച ശിവസേന കുനാൽ കാമ്ര, ശിവസേന (യുബിടി) നേതാക്കളായ സഞ്ജയ് റൗട്ട്, ആദിത്യ താക്കറെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരേ പോലീസിൽ പരാതി നൽകി.
സമകാലിക രാഷ്ട്രീയം വിഷയമാക്കിയ “നയാ ഭാരത്’ എന്ന പരിപാടിയിൽ, പാർട്ടി പിളർത്തി ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് ഷിൻഡെയെ കമ്ര വിമർശിക്കുകയും അദ്ദേഹത്തെ ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തുകയും ചെയ്തു. എന്നാൽ വീഡിയോയിൽ ഷിൻഡെയുടെ പേരു കമ്ര വ്യക്തമായി പരാമർശിച്ചിട്ടില്ല.
ശിവസേന എംഎൽഎ മുരാജി പട്ടേൽ നൽകിയ പരാതിയിൽ കമ്രയ്ക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവാദത്തെക്കുറിച്ച് കമ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടുതൽ വിശദീകരിക്കാതെ, ഭരണഘടനയുമായി നിൽക്കുന്ന തന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. “മുന്നോട്ടുള്ള ഒരേയൊരു വഴി” എന്ന് അടിക്കുറിപ്പോടെയാണ് കമ്ര ചിത്രം പങ്കുവച്ചത്.