ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം മുറുകുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിൽ കാനഡയെ സജ്ജമാക്കാൻ വലിയ ജനപിന്തുണ ആവശ്യമാണെന്നും കാർണി പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിടാനാണു തീരുമാനം.
നേരത്തേ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 28ന് കാനഡ പോളിംഗ് ബൂത്തിലെത്തും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താൻ കാർണി തീരുമാനിച്ചിരിക്കുന്നത്.
സാധാരണ ഗതിയിൽ ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ യുഎസ്-കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നിൽ മാർക്ക് കാർണിക്ക് വ്യക്തമായ കണക്കുകൂട്ടലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ തീരുവ വർധനകളും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ശ്രമം. നേരത്തെ പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
കാനഡയെ “51-ാമത്തെ സംസ്ഥാനം’ എന്നും മുൻ പ്രധാനമന്ത്രി ട്രൂഡോയെ “ഗവർണർ’ എന്നും ആവർത്തിച്ച് വിളിച്ചിരുന്ന യുഎസ് പ്രസിഡന്റ് ട്രംപ് ഇതിനകംതന്നെ കനത്ത താരിഫുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കാനഡയുടെ സമ്പദ്വ്യവസ്ഥയിൽ വലിയ തോതിലുള്ള ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.