തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ആശാപ്രവർത്തകരുടെ രാപ്പകൽ സമരം 43ാം ദിവസത്തിലേക്കും നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കും കടന്നതോടെ ആശാപ്രവർത്തകർക്ക് പിന്തുണയുമായി സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം ആരംഭിച്ചു. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും.
രാവിലെ 10 ന് ഡോ. പി. ഗീത ഉപവാസ സമരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അതേസമയം സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളിൽ ഉപവാസം അനുഷ്ഠിക്കുമെന്നും ആശമാർ അറിയിച്ചു.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, മറ്റ് ഭാരവാഹികളായ തങ്കമണി, ശോഭ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുന്നത്.
നേരത്തെ നിരാഹാരം അനുഷ്ഠിച്ചിരുന്ന ഷീജയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിലെക്ക് മാറ്റിയിരുന്നു. പകരമാണ് ശോഭ നിരാഹാരത്തിനെത്തിയത്.