ന്യൂഡൽഹി: യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഒരു കുടുംബത്തിന് മാത്രമേ നിയന്ത്രണമുണ്ടായിരുന്നുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ദുരിതാശ്വാസ നിധിയിലെ അംഗമായിരുന്നുവെന്നും അദ്ദേഹം രാജ്യസഭയിൽ ആരോപിച്ചു. ദുരന്തനിവാരണ ബിൽ ഭേദഗതിയുടെ ചർച്ചയ്ക്കിടെ, നിലവിലെ പിഎം-കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയില്ലായ്മയും കെടുകാര്യസ്ഥതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആരോപണം.
യുപിഎ കാലത്തെ സംവിധാനത്തിൽനിന്നു വ്യത്യസ്തമായി, പിഎം-കെയേഴ്സ് ഫണ്ടിന്റെ മാനേജ്മെന്റിൽ ധനകാര്യ, പ്രതിരോധ മന്ത്രിമാർ ഉൾപ്പെടെ അഞ്ച് ഉന്നത മന്ത്രിമാർ ട്രസ്റ്റിമാരായി ഉൾപ്പെടുന്നുവെന്നും ഒരു രാഷ്ട്രീയ പാർട്ടി പ്രസിഡന്റും അതിന്റെ മാനേജ്മെന്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.