ബംഗളുരു: കർണാടകയിലെ “ഹണി ട്രാപ്പ്’ വിവാദത്തിൽ മുതിർന്ന മന്ത്രി കെ.എൻ. രാജണ്ണ ആഭ്യന്തരവകുപ്പിന് പരാതി നൽകി. ഓരോ സ്ത്രീകളുമായി രണ്ടുതവണ ഒരാൾ തന്റെ വീട്ടിൽ വന്നെന്ന് രാജണ്ണ പരാതിയിൽ ആരോപിക്കുന്നു.
രണ്ടാം തവണ വന്നപ്പോൾ ഇയാൾ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്.
പിന്നീട് എന്താണ് സംഭവിച്ചതെന്നതടക്കം വിശദമായി കത്ത് നൽകിയെന്ന് സിദ്ധരാമയ്യ മന്ത്രിസഭയിലെ സഹകരണ മന്ത്രിയായ രാജണ്ണ വ്യക്തമാക്കി.
സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാൽ തിരിച്ചറിയുമെന്നും രാജണ്ണ പരാതിയിൽ പറയുന്നു.മന്ത്രി മന്ദിരമായതിനാൽ സിസിടിവി ഉണ്ടെന്നാണ് പരാതി ഉന്നയിച്ചപ്പോൾ താൻ കരുതിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സിസിടിവിയില്ലെന്ന് മനസിലായത്.
സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും രാജണ്ണ പരാതിയിൽ ആരോപിക്കുന്നു.പല കാലങ്ങളിലായി 48 എംഎൽഎമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്നു രാജണ്ണ കർണാടക നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.