മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങളായ റിയ ചക്രവർത്തി, ഡിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവർക്കുമെതിരേ പോലീസ് എഫ്ഐആർ. ആദിത്യ താക്കറെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സംശയാസ്പദമായ സാഹചര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി മകളുടെ മരണത്തിൽ പുതിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹർജി സമർപ്പിച്ചത്. മുംബൈ ജോയിന്റ് പോലീസ് കമ്മീഷണർക്കും ദിഷയുടെ പിതാവ് പരാതി നൽകി.
നടന്മാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, അന്നത്തെ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗ് തുടങ്ങിയവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 2ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം.
2020 ജൂണിലാണ് മലാഡിലെ പതിനാലുനില കെട്ടിടത്തിനു മുകളിൽനിന്ന് വീണുമരിച്ച നിലയിൽ ദിഷയെ കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കുശേഷം ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെയും കണ്ടെത്തി. ദിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും കുറ്റകൃത്യം ആസൂത്രിതമായി അട്ടിമറിക്കാൻ പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗ് കൂട്ടുനിന്നെന്നുമാണ് ആരോപണം.