തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇഡി അന്വേഷിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ഇതേ കേസിൽ ബിജെപി നേതൃത്വത്തിനെതിരേ പോലീസിൽ മൊഴി നൽകിയ തിരൂർ സതീഷ്. കൊടകര കുഴൽപ്പണക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറിയായ സതീഷ്.
പല നിർണായക വെളിപ്പെടുത്തലുകളും മാധ്യമങ്ങളിലൂടെ താൻ പുറത്തുവിട്ടിട്ടും ഇഡി അതേക്കുറിച്ച് തന്നോട് അന്വേഷിച്ചിട്ടില്ലെന്ന് സതീഷ് പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ തന്നെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നുപോലും അറിയില്ല. ഏതെല്ലാം നേതാക്കളെ ഇഡി കണ്ടു എന്ന കാര്യം പരിശോധിക്കണം. ഇനി ഏതെങ്കിലും നേതാക്കളെയോ സാക്ഷികളെയോ കാണാനുണ്ടോ എന്ന കാര്യവും ഇഡി യോട് ചോദിക്കണം സതീഷ് പറഞ്ഞു.
താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ സത്യമായി അതേപടി ഇപ്പോഴും നിലനിൽക്കുന്നു എന്നും സതീഷ് ഉറപ്പിച്ചു പറഞ്ഞു. ഇഡി വന്നാലും ഏത് അന്വേഷണ ഏജൻസി വന്നാലും അതേ കാര്യങ്ങൾ തന്നെയാണ് തനിക്ക് പറയാനുള്ളതെന്നും സതീഷ് വ്യക്തമാക്കി.
ബിജെപി ഓഫീസിൽ ചാക്ക് കണക്കിന് പണം വന്നുവന്ന് താൻ വെളിപ്പെടുത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ പറ്റുന്നില്ലെങ്കിൽ ഇഡി എന്ത് അന്വേഷണ സംഘമാണെന്നും സതീഷ് ചോദിച്ചു. പാർട്ടിയുടെ നേതാക്കന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇഡി നിലകൊണ്ടിരിക്കുന്നതെന്നും സതീഷ് കുറ്റപ്പെടുത്തി.
ഉന്നയിക്കപ്പെട്ട പല കാര്യങ്ങളും പരിശോധിക്കാതെ ഇഡി കുറ്റപത്രം സമർപ്പിച്ചു എന്ന് കേൾക്കുമ്പോൾ അന്വേഷണ സംഘത്തോടുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. കൊടകര കുഴൽ പണക്കേസിൽ താൻ സ്വീകരിച്ചിട്ടുള്ള നിയമ നടപടികൾ തുടരുകയാണെന്നും അതുമായി മുന്നോട്ടു പോകുമെന്നും സതീഷ് പ്രതികരിച്ചു.
അല്പം വൈകിയാണെങ്കിലും സത്യം വെളിച്ചം കാണും എന്നാണ് തന്റെ വിശ്വാസവും പ്രതീക്ഷയും. കോടതിയിൽ നൽകിയ രഹസ്യമൊഴിയും പോലീസ് ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും ഇഡി അന്വേഷിച്ചതേയില്ല. ഏതെങ്കിലും പ്രലോഭനത്തിന്റെ പുറത്തല്ല സത്യങ്ങൾ വിളിച്ചു പറഞ്ഞത്. സത്യങ്ങളും യാഥാർഥ്യങ്ങളും പൊതുസമൂഹവും സാധാരണ പാർട്ടി പ്രവർത്തകരും അറിയണമെന്നുള്ളതുകൊണ്ടാണ്.
ആറു ചാക്കുകളിൽ ഒമ്പത് കോടി കള്ളപ്പണം കൊണ്ടുവന്നത് ചെറിയ കാര്യമല്ല. കള്ളപ്പണക്കാരെ തുറുങ്കിലടക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ പാർട്ടിയുടെ ജില്ലാ ഓഫീസിലാണ് കള്ളപ്പണം എത്തിയത്. ഇതിന്റെ സത്യാവസ്ഥ തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും സതീഷ് പറഞ്ഞു.