തിരുവനന്തപുരം: കറുത്ത നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചതിനു പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പിട്ടത്.
കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്, കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ശാരദാ മുരളീധരന് പിന്തുണ നൽകി ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. “”സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോവാക്കും ഹൃദയസ്പർശിയാണ്.
ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു”- വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റ് ശാരദ മുരളീധരൻ പിൻവലിച്ചുവെങ്കിലും പിന്നീട് വീണ്ടും പോസ്റ്റ് ചെയ്തു. പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് അസ്വസ്ഥയായാണ് ഡിലീറ്റ് ചെയ്തതെന്നും എന്നാൽ ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ചീഫ് സെക്രട്ടറി കുറിച്ചു.
കഴിഞ്ഞ ഏഴ് മാസം മുഴുവൻ തന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നുവെന്നും തന്റെ മനസിന് മുറിവേറ്റുവെന്നും ശാരദ മുരളീധരൻ പറയുന്നു.
“നാലുവയസുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്”- ചീഫ് സെക്രട്ടറി കുറിച്ചു.
‘