ജനിച്ചയുടനെ കുട്ടികള്‍ മാറിപ്പോകുന്നതും അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ സത്യം തിരിച്ചറിയുന്നതും സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലും അത്തരത്തിലൊരു സംഭവമുണ്ടായി. ഹിമാചല്‍പ്രദേശിലെ ഷിംലയിലാണ് കണ്ണുനിറയ്ക്കുന്ന കഥ നടക്കുന്നത്. കഴിഞ്ഞ മേയ് 26 നാണ് അഞ്ജന താക്കൂര്‍, ശീതള്‍ എന്നിവര്‍ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. എന്നാല്‍ പ്രസവമുറിയില്‍ വച്ച് കുഞ്ഞുങ്ങളെ മാറി പോവുകയായിരുന്നു. തുടര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഡിഎന്‍എ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് കുഞ്ഞുങ്ങളുടെ യാഥാര്‍ത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത്.
ഹിമാചലിലെ പ്രശസ്തമായ കമല നെഹ്റു ആശുപത്രിയിലായിരുന്നു പ്രസവത്തിനായി ഇരുവരെയും പ്രവേശിപ്പിച്ചത്. പ്രസവം നടന്നതും ഒരേസമയത്ത്. അജ്ഞനയ്ക്ക് ജനിച്ചത് ആണ്‍കുഞ്ഞും ശീതളിന് ജനിച്ചത് പെണ്‍കുഞ്ഞുമായിരുന്നു. ശീതളിന്റെ വീട്ടുകാരോട് നഴ്സ് ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ കൈമാറിയപ്പോള്‍ നല്‍കിയത് ആണ്‍കുഞ്ഞിനെ. സംശയം തോന്നി ആശുപത്രി അധികൃതരോട് അന്വേഷിച്ചപ്പോള്‍ ജനിച്ചത് ആണ്‍കുഞ്ഞ് തന്നെയാണെന്നായിരുന്നു മറുപടി.
സംശയത്തിന്റെ പേരിലാണ് കോടതിയില്‍ പരാതി നല്കി ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് വന്നപ്പോള്‍ ശീതളിന് ജനിച്ച കുട്ടിയല്ല അഞ്ചു മാസമായി വളര്‍ത്തിയ കുഞ്ഞെന്ന് തിരിച്ചറിഞ്ഞു. റിപ്പോര്‍ട്ട് വന്നപ്പോള്‍ നിറകണ്ണുകളോടെയാണ് രണ്ട് അമ്മമാരും കോടതി മുറിയില്‍ നിന്ന് പടിയിറങ്ങിയത്. സ്വന്തം കുഞ്ഞിന്റെ സ്നേഹം നല്കി അഞ്ച് മാസത്തോളം അരികിലുണ്ടായിരുന്ന കുഞ്ഞുങ്ങളെ വിട്ടുകൊടുക്കുന്ന ദു:ഖവുമാണ് രണ്ട് അമ്മമാരും ഒരു പോലെ അനുഭവിക്കുന്നത്. കേസിന് അനുകൂലമായി വിധി വന്നെങ്കിലും രണ്ട് പേര്‍ക്കും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാനും സ്വന്തമായി വളര്‍ത്തിയ കുഞ്ഞിനെ വിട്ടു നല്‍കാനും കഴിയാത്ത അവസ്ഥയിലാണ്. സംഭവം ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയാകുകയും ചെയ്തു.