കോഴിക്കോട്: ഗാർഹികപീഡനക്കേസ് വിചാരണക്കൊടുവില്‍ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വീട്ടമ്മ നല്കിയ പരാതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ശാസന. വീട്ടമ്മയുടെ പരാതിയില്‍ കുന്നമംഗലം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകനെ ശാസിച്ചുകൊണ്ട് അച്ചടക്കനടപടി തീര്‍പ്പാക്കാന്‍ സർക്കാർ തീരുമാനിച്ചു. പ്രോസിക്യൂട്ടറുടെ വീഴ്ചകൊണ്ട് പ്രതിക്ക് ശിക്ഷ കിട്ടിയില്ലെന്നായിരുന്നു പരാതി.
മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത സിസി 1506/2016 നമ്പര്‍ ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് എം. ഷാനില എന്ന വീട്ടമ്മ നല്കിയ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റതിന് ചികിത്സ തേടിയതിന്റെ രേഖകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയില്ല, കേസിനെക്കുറിച്ച് സംസാരിക്കാതെ തന്നെ കോടതിയില്‍ ഹാജരാക്കി, കേസിന്റെ വാദത്തിനിടയില്‍ ഒരു കാര്യവും പ്രോസിക്യൂട്ടര്‍ പറഞ്ഞില്ല, പ്രതിഭാഗത്തിന്റെ വാദത്തിനു ശേഷം പ്രോസിക്യൂട്ടര്‍ മിണ്ടാതിരുന്നു, ഇക്കാരണ ങ്ങളാൽ ഭര്‍ത്താവ് കേസില്‍നിന്നു രക്ഷപ്പെട്ടു,
അപ്പീല്‍ ഫയല്‍ ചെയ്യാന്‍ പോലും പ്രോസിക്യൂട്ടര്‍ തയാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ഷാനില ഉന്നയിച്ചത്. അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്കെതിരേ ഷാനില പ്രോസിക്യൂഷന് ഡയറക്ടറേറ്റിലും പരാതി നല്‍കിയിരുന്നു. പരാതി സംബന്ധിച്ച് പ്രോസിക്യൂഷന് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപണ മെമ്മോ നല്‍കുകയും ചെയ്തിരുന്നു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയാണ് അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ മെമ്മോയ്ക്ക് മറുപടി നല്‍കിയത്. പക്ഷേ, വാദപ്രതിവാദങ്ങള്‍ പരിശോധിച്ച സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് വിലയിരുത്തുകയായിരുന്നു. 2019 ഡിസംബർ 26ന് ആണ് കേസിന്റെ വിധി വന്നത്.