ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയിലെ കെല്ലോഗ് കോളജിൽ പ്രസംഗിക്കുന്നതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമം. തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമം, ആർജി കർ കോളജ്, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരുസംഘം വിദ്യാർഥികൾ മമത ബാനർജിക്കെതിരേ മുദ്രാവാക്യം വിളിച്ചത്.
എന്നാൽ, പ്രതിഷേധക്കാരോട് മാന്യമായി പെരുമാറിയ മമത ബാനർജി, സ്ഥിതിഗതികൾ ശാന്തമായി കൈകാര്യം ചെയ്തു. അൽപ്പ സമയത്തിനുശേഷം, സദസിലുണ്ടായിരുന്ന മറ്റുള്ളവരുടെ കൂട്ടായ പ്രതിഷേധത്തെത്തുടർന്ന് ബഹളംവച്ച വിദ്യാർഥികൾ ഹാളിൽനിന്നു പുറത്തുപോകാൻ നിർബന്ധിതരായി.
വിദ്യാർഥികളുടെ പെട്ടെന്നുള്ള പ്രതിഷേധത്തിൽ സദസിലുണ്ടായിരുന്ന അതിഥികൾ ആദ്യം അന്പരന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ അവർ കൈയടിച്ചു അഭിനന്ദിച്ചു. സംഭവസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സദസിൽ ഉണ്ടായിരുന്നു.