മുംബൈ: അഞ്ഞൂറ്, ആയിരം രൂപയുടെ വ്യാജനോട്ടുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രതപാലിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. വലിയ തുകയുടെ വ്യാജനോട്ടുകളുടെ വിതരണത്തിലൂടെ ഇടപാടുകാര്‍ വഞ്ചിതരാകുന്നതിനാലാണ് റിസര്‍വ് ബാങ്ക് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചത്. നോട്ടുകള്‍ മതിയായ പരിശോധന നടത്തിയ ശേഷമേ നോട്ടുകള്‍ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്കി.
വലിയ തുകയുടെ നോട്ടുകള്‍ നിര്‍മിക്കുമ്പോള്‍ വ്യാജനോട്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആര്‍ബിഐയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജനോട്ടുകള്‍ തിരിച്ചറിയുന്നതിനുവേണ്ടി ആര്‍ബിഐ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. വ്യാജനോട്ടുകള്‍ അച്ചടിക്കുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.