മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഉച്ചയ്ക്ക് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. അമേരിക്ക ഇന്ത്യക്കു കൈമാറിയ റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഉച്ചയോടെ ഡൽഹി പാലം വ്യോമത്താവളത്തിൽ എത്തി.
റാണയെ തിഹാർ ജയിലിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലോസാഞ്ചലസ് ജയിലിലായിരുന്നു. റാണയെ ഡൽഹിയിൽ എത്തിക്കുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഡൽഹിയിലേക്ക് മാറ്റുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിന്റെ ഭാഗമായി റാണയെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കും.
പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്. റാണയെ തിരികെ എത്തിക്കുന്നത് മോദി സർക്കാരിന്റെ നയതന്ത്ര വിജയമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. സ്ഫോടനങ്ങൾ നടന്ന കാലത്തെ സർക്കാരുകൾക്ക് റാണയെ തൊടാനായില്ലെന്ന് അമിത്ഷാ വിമർശിച്ചു.