തിരുവനന്തപുരം: ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേകർ. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്നും കേരള ഗവർണർ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെ യും തമിഴ്നാടിന്റെ യും വിഷയങ്ങൾ വ്യത്യസ്തമാണ്. ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ഹർജി പരിഗണിച്ച ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു.
ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്- ഗവർണർ രാജേന്ദ്ര ആർലേക്കർ ചോദിക്കുന്നു.
ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നതെന്നും തനിക്ക് ഇത് മനസിലാകുന്നില്ലെന്നും ഗവർണർ പറയുന്നു.
തമിഴ്നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാകും.
അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു. അതിനുപിന്നിൽ ജഡ്ജിമാർക്കും ചില കാരണങ്ങളുണ്ടാകും.
അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം.ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെന്റിലൂടെ ജനങ്ങൾ അതു തീരുമാനിക്കട്ടെ – ഗവർണർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.