താമരശേരി: ലഹരിക്കടിമയായ യുവാക്കളുടെ ക്രൂരകൃത്യങ്ങളില്‍ വിറങ്ങലിച്ച താമരശേരിയെ ആശങ്കയിലാഴ്ത്തി വീണ്ടും ലഹരിമാഫിയയുടെ വിളയാട്ടം. കട്ടിപ്പാറയില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകനെ ലഹരി മാഫിയാ സംഘം ആക്രമിച്ചു. കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദി (51) നാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട മൂന്നു പേര് ചേര്‍ന്ന് പ്രദേശത്തെ മസ്ജിദിന്റെ കോമ്പൗണ്ടില്‍ വച്ചാണ് ഇന്നലെ രാത്രി എട്ടുമണിയോടെ മുഹമ്മദിനെ ആക്രമിച്ചത്. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി.
കഴിഞ്ഞ 26-ാം തീയതി ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പ്രമോദ് എന്നയാളുടെ വീട്ടില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്ന സംശയത്താല്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.
പ്രമോദിന്റെ വീട്ടില്‍ അപരിചിതര്‍ എത്തുന്നത് കണ്ടാണ് പോലീസില്‍ വിളിച്ചറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രമോദ് പല തവണ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായിമുഹമ്മദ് പറഞ്ഞു. മുഹമ്മദാണ് വിവരം പോലീസില്‍ അറിയിച്ചതെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ഇതു സംബന്ധിച്ച് താമരശേരി പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് മുഹമ്മദിനുനേരേ അക്രമമുണ്ടായതെന്നു പോലീസ് കരുതുന്നു. പ്രതികളിൽ ലിജേഷ് എന്നയാളെ പോലീസ് പിടികൂടി. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.