ഗർഭിണിയായി അഭിനയിക്കുകയും ഒടുവിൽ കുട്ടിയെ മോഷ്ടിക്കുകയും ചെയ്ത യുവതി പോലീസ് പിടിയിൽ. പൂജ പട്നി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. സൗത്ത് ഡൽഹിയിലാണു സംഭവം.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്ത യുവതി, ഗർഭിണിയാണെന്നു ഭര്‍ത്താവിനോടു കള്ളം പറയുകയും ഗര്‍ഭകാലം അഭിനയിക്കുകയുമായിരുന്നു.
പത്തു മാസമായപ്പോൾ ആശുപത്രിയിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഇവർ, സഫ്ദർജംഗ് ആശുപത്രിയിൽനിന്ന് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുത്ത് വീട്ടിൽ തിരിച്ചെത്തി.
കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ തെരച്ചിലിനൊടുവിലാണ് യുവതി അറസ്റ്റിലായത്. കുട്ടിയെ പോലീസ് രക്ഷിതാക്കളെ തിരികെ ഏൽപിച്ചു.