തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരിക്കേസില്‍ നടൻ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല. അതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല എന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരാണ്. അത് സിനിമ സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. സെലിബ്രിറ്റി എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള ഒരു വേര്‍തിരിവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല.
മയക്കുമരുന്ന് ഉപയോഗത്തെ സാമൂഹിക വിപത്തായിട്ടാണ് കാണുന്നത്. സാമൂഹിക വിപത്തിനെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ക്കശമായി കൈകാര്യം ചെയ്യും. ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തും. അതാണ് സര്‍ക്കാര്‍ നിലപാടെന്നും രാജേഷ് കൂട്ടിച്ചേർത്തു.