ഇത്രയും ആകാംക്ഷയോടെ എല്ലാ വൻകരകളും ഉറ്റുനോക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പുമില്ല. ഒട്ടേറെ കൗതുകങ്ങളും നടപടിക്രമങ്ങളും നിറഞ്ഞതാണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. മൂന്നു പദവികളിലേക്കാണ് മാർപാപ്പയാകുന്ന വ്യക്തി ഉയർത്തപ്പെടുക. അപ്പസ്തോലപ്രമുഖനായ വിശുദ്ധ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന പദവിയാണ് ആദ്യത്തേത്. രണ്ടാമത്തേത് റോമിന്റെ മെത്രാപ്പോലീത്ത. മൂന്നാമത്തേത് വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവൻ.
സഭാധ്യക്ഷനായ വലിയമുക്കുവന്റെ തെരഞ്ഞെടുപ്പുനടപടികൾ വിവിധ മാർപാപ്പമാർ തങ്ങളുടെ ഭരണകാലത്തു പരിഷ്കരിച്ചിരുന്നു. സമീപകാലത്ത്, പത്താം പീയൂസ് മാർപാപ്പ മുതൽ എല്ലാവരും, ജോണ് പോൾ ഒന്നാമൻ പാപ്പയൊഴികെ, ഇത്തരം പരിഷ്കരണം നടത്തിയിട്ടുണ്ട്. ഒടുവിൽ പോൾ ആറാമൻ മാർപാപ്പ റൊമാനോ പൊന്തിഫിച്ചി എലിഗെൻദോ എന്ന അപ്പസ്തോലിക രേഖയിലൂടെയും (1975), ജോണ് പോൾ രണ്ടാമൻ മാർപാപ്പ യൂണിവേഴ്സി ഡൊമിനിചി ഗ്രെജിസ് എന്ന അപ്പസ്തോലിക രേഖയിലൂടെയും (1996) തെരഞ്ഞെടുപ്പുനടപടികൾ പരിഷ്കരിച്ചു. ഇതനുസരിച്ചായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. ചിരകാലസ്ഥാപിതമായ പാരന്പര്യത്തിൽനിന്നു കാര്യമായി വ്യതിചലിക്കാതെയായിരുന്ന എല്ലാ പരിഷ്കാരങ്ങളും. ഫ്രാൻസിസ് മാർപാപ്പയും നടപടികളിൽ ചില പരിഷ്കാരങ്ങൾ നിർദേശിച്ചിരുന്നു.
കമർലെങ്കോയുടെ റോൾ
തെരഞ്ഞെടുപ്പുനടപടികളുടെ നിയന്ത്രണം കമർലെങ്കോ പദവിയിലുള്ള കർദിനാളിനായിരിക്കും (സഭയുടെ ട്രഷററാണ് കമർലെങ്കോ). ഡോ. കെവിൻ ഫാരൽ ആണ് ഇപ്പോഴത്തെ കമർലെങ്കോ. നിലവിലുള്ള മാർപാപ്പ അന്തരിച്ചതായി കാമർലെങ്കോ പ്രഖ്യാപിക്കുന്നതോടെയാണ് പുതിയ മാർപാപ്പയ്ക്കായുള്ള തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിക്കുക. പ്രഖ്യാപനത്തിനുമുന്പ് കമർലെങ്കോ മാർപാപ്പയുടെ മരണം സ്ഥിരീകരിക്കണം. ഇതിനായി മൂന്നുതവണ മാമ്മോദീസാപ്പേരുചൊല്ലി വിളിക്കും.
മറുപടിയില്ലാതെ വരുന്പോഴാണ് മരിച്ചതായി സ്ഥിരീകരിക്കുക. ഇക്കാര്യം മാധ്യമങ്ങൾക്കു പത്രക്കുറിപ്പായി നൽകും. തുടർന്നു മരണസർട്ടിഫിക്കറ്റിൽ ഒപ്പുവച്ച് റോമാ രൂപതയുടെ വികാർ കർദിനാളിനെ ഏല്പിക്കും. ദിവംഗതനായ മാർപാപ്പയുടെ സ്വകാര്യവസതി പൂട്ടി മുദ്രവയ്ക്കുന്ന കമർലെങ്കോ, വലിയ മുക്കുവന്റെ മോതിരവും പേപ്പൽ മുദ്രയും പൊട്ടിച്ചുകളയാനും നടപടിയെടുക്കും. സംസ്കാരകർമങ്ങൾക്കും ഒന്പതു ദിവസത്തെ ഔദ്യോഗികദുഃഖാചരണത്തിനും (നോവെൻദിയാലെ- Novendiale) നിർദേശം നൽകേണ്ടതും ഇദ്ദേഹംതന്നെയാണ്. അടുത്ത മാർപാപ്പ ചുമതലയേൽക്കും വരെയുള്ള ഭരണം കമർലെങ്കോയ്ക്കാണെന്നു പറയാം.
തെരഞ്ഞെടുപ്പു പ്രക്രിയ നയിക്കുന്ന കമർലെങ്കോയ്ക്കു സഹായികളായി മൂന്നു കർദിനാൾമാർവീതം ഓരോ മൂന്നു ദിവസവും തെരഞ്ഞെടുക്കപ്പെടും. അസുഖബാധിതരായി മുറിയിൽ കഴിയുന്ന കർദിനാൾമാരുടെ ബാലറ്റ് വാങ്ങുക, ബാലറ്റ് എണ്ണുന്നതു നിരീക്ഷിക്കുക, ബാലറ്റ് പരിശോധിക്കുകയും കൃത്യത ഉറപ്പുവരുത്തുക എന്നിവയാണ് ഈ കർദിനാൾമാരുടെ ചുമതല.
ഇക്കാലത്തു റോമൻ കൂരിയയുടെ സുപ്രധാന പദവികളിലുള്ളവർ അധികാരവിനിയോഗം നടത്താൻ പാടില്ല. കമർലെങ്കോ കർദിനാൾ ഡോ. കെവിൻ ഫാരൽ, റോമിന്റെ വികാർ കർദിനാൾ ഡോ. ബൽദസാറെ റെയ്ന, മേജർ പെനിറ്റൻഷ്വറി കർദിനാൾ ഡോ. ഏഞ്ചലോ ദി ഡൊണാറ്റിസ്, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന പുരോഹിതനും വത്തിക്കാൻ നഗരത്തിന്റെ വികാരി ജനറാളുമായ കർദിനാൾ ഡോ. മാവുറോ ഗന്പേത്തി എന്നിവർക്കു മാത്രമേ ഇക്കാര്യത്തിൽ ഒഴിവുള്ളൂ.
രഹസ്യം, അതീവരഹസ്യം
ഒന്പതുദിവസത്തെ ദുഃഖാചരണത്തിനും മരണാനന്തര കർമങ്ങൾക്കും ശേഷമാണ് പുതിയ സഭാ തലവനെ കണ്ടെത്താനായി കർദിനാൾമാർ പേപ്പൽ കോണ്ക്ലേവിനെത്തുക. മാർപാപ്പ ദിവംഗതനായി 15 ദിവസത്തിനുശേഷമാണ് കോണ്ക്ലേവ് ചേരുക. വിദൂരസ്ഥലങ്ങളിൽനിന്നുള്ള കർദിനാൾമാർ എത്തിച്ചേരുന്നതിനുവേണ്ടിയാണ് ഇത്രയും സാവകാശം നൽകിയിരിക്കുന്നത്. ഇതു പരമാവധി 20 ദിവസംവരെ നീട്ടുകയുമാവാം.
തെരഞ്ഞെടുപ്പുക്രമങ്ങൾ പാലിക്കുമെന്നും അതീവ രഹസ്യസ്വഭാവം കർശനമായി പുലർത്തുമെന്നും പ്രതിജ്ഞയെടുത്തശേഷമാണ് ഇവർ കോണ്ക്ലേവിൽ പ്രവേശിക്കുക. ഇതു ലംഘിക്കുന്നവർ കർദിനാൾമാരുടെ കൂട്ടായ്മയിൽനിന്നു പുറത്താക്കപ്പെടും. പ്രതിജ്ഞയെടുത്തശേഷം പുതിയ മാർപാപ്പയെ പ്രഖ്യാപിക്കുന്നതുവരെ പുറംലോകവുമായി ഒരുവിധത്തിലും ബന്ധപ്പെടാൻ കർദിനാൾമാർക്ക് അനുവാദമില്ല. ഫോണ്പോലും പാടില്ല. പത്രവായന, ടിവി, റേഡിയോ – എല്ലാം വിലക്കപ്പെടും. റിക്കാർഡിംഗിനോ മറ്റോ വേണ്ടി രഹസ്യമായി എന്തെങ്കിലും ഉപകരണം ചാപ്പലിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ എന്നുപോലും പരിശോധിച്ച് ഉറപ്പുവരുത്തും. മാധ്യമങ്ങളുടെയടക്കം ഇടപെടൽ ഒഴിവാക്കാനാണിത്. സിസ്റ്റൈൻ ചാപ്പലിനോടു ചേർന്നുള്ള സെന്റ് മാർത്താ ഹോസ്റ്റലിലാണ് കർദനാൾമാർ താമസിക്കുക പതിവ്. അടുത്തകാലത്തായി സിസ്റ്റൈൻ ചാപ്പലിനോടു ചേർന്ന് ഇവർക്കുള്ള ക്വാർട്ടേഴ്സുകൾ ഒരുക്കിയിട്ടുണ്ട്.
ഭരണിയിൽ ബാലറ്റുകൾ
മാർപാപ്പ മരിച്ച ദിവസം എണ്പതു വയസ് പൂർത്തിയായിട്ടില്ലാത്ത കർദിനാൾമാർക്കു മാത്രമേ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളൂ. ഇപ്രകാരം വോട്ടവകാശമുള്ള കർദിനാൾമാരുടെ എണ്ണം 120 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഒന്നോ രണ്ടോ പേർ കുറഞ്ഞാലും, കൂടാൻ പാടില്ല. കോണ്ക്ലേവിന്റെ ആദ്യദിനം രാവിലെ കർദിനാൾമാർ ഒത്തുചേർന്ന് വിശുദ്ധ കുർ ബാനയർപ്പിച്ച് നിർണായക തീരുമാനമെടുക്കാനുള്ള അനുഗ്രഹത്തിനായി പ്രാർഥിക്കും. ഉച്ചകഴിഞ്ഞ് പൗളിൻ ചാപ്പലിൽ ഒത്തുചേരുന്ന അവർ, പത്രോസിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായും പ്രാർഥിക്കും.
തുടർന്ന് മനോഹരമായ സിസ്റ്റൈൻ ചാപ്പലിന്റെ ചുവരുകൾക്കുള്ളിൽ സമ്മേളിക്കുന്ന കർദിനാൾമാർക്ക് ദീർഘചതുരാകൃതിയിലുള്ള ബാലറ്റ് പേപ്പർ നൽകും. എലിജിയോ ഇൻ സേമും പൊന്തിഫിച്ചേം…. (ഞാൻ മാർപാപ്പയായി …. നെ തെരഞ്ഞെടുക്കുന്നു) എന്ന് ഇതിൽ രേഖപ്പെടുത്തിയിരിക്കും. ഓരോ കർദിനാളും മാർപാപ്പയായി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ആളുടെ പേര് എഴുതി ബാലറ്റ് രണ്ടുവട്ടം മടക്കുന്നു. തുടർന്ന് ഇവർ ഓരോരുത്തരായി തങ്ങളുടെ ബാലറ്റ് പേപ്പർ ഉയർത്തിപ്പിടിച്ച് അൾത്താരയെ സമീപിക്കും. അവിടെ ഹിതപരിശോധകരായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾമാർ മൂടിയ ഒരു ഭരണിയുമായി നിൽക്കുന്നുണ്ടാവും. അൾത്താരയുടെ മുന്നിലെത്തിയശേഷം “എന്റെ വിധിയാളനായ യേശുവിനെ സാക്ഷിയാക്കി, തെരഞ്ഞെടുക്കപ്പെടണമെന്നു ദൈവമുൻപാകെ എനിക്കു തോന്നിയ വ്യക്തിക്കു വോട്ടുചെയ്തു’’ എന്ന് ഓരോ കർദിനാളും ഉറക്കെ പ്രഖ്യാപിക്കും. തുടർന്ന് ഒരു പാത്രത്തിൽ ബാലറ്റ് പേപ്പർ വച്ചശേഷം ഭരണിക്കുള്ളിലേക്ക് ഇതു കമിഴ്ത്തുന്നു. തുടർന്ന് അൾത്താര കുന്പിട്ടു മടങ്ങും.
വേണം, മൂന്നിൽ രണ്ട് ഭൂരിപക്ഷം
ഇപ്രകാരം എല്ലാ കർദിനാൾമാരും വോട്ട് രേഖപ്പെടുത്തിക്കഴിയുന്പോൾ ഹിതപരിശോധകർ ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തുന്നതിനായി ഭരണി മാറിമാറി കുലുക്കും. ബാലറ്റുകൾ എണ്ണി ഫലം നിശ്ചയിക്കുന്ന ചടങ്ങാണ് അടുത്തത്. ഹിതപരിശോധകർ ഒരേസമയം ബാലറ്റ് പേപ്പറുകൾ തുറന്ന് വിവിധ വ്യക്തികൾക്കു കിട്ടിയ വോട്ട് രേഖപ്പെടുത്തുന്നു. ഓരോ ബാലറ്റിലും വായിക്കുന്ന പേര് ഒരിക്കൽകൂടി ഉറക്കെ പറഞ്ഞശേഷമാണ് ഓരോ ഹിതപരിശോധകനും പ്രത്യേക കടലാസിൽ രേഖപ്പെടുത്തുന്നത്.
അവസാനത്തെ ഹിതപരിശോധകൻ ഇപ്രകാരം ഉറക്കെ വായിക്കുന്നതോടൊപ്പം ബാലറ്റ് പേപ്പറുകൾ സൂചിയും നൂലും ഉപയോഗിച്ച് കോർത്തെടുക്കുകയും ചെയ്യുന്നു. ബാലറ്റ് പേപ്പറിലെ എലിജിയോ എന്ന വാക്കിനു മീതെയാണ് ഇപ്രകാരം സൂചി കോർക്കുക. അവസാനത്തെ ബാലറ്റ് പേപ്പറും കോർത്തുകഴിഞ്ഞ് നൂലിന്റെ അറ്റങ്ങൾ കൂട്ടിക്കെട്ടും. വോട്ടുകൾ എണ്ണി പൂർത്തിയാക്കിയശേഷം മൂന്നിൽരണ്ടു ഭൂരിപക്ഷം കിട്ടുന്നയാളെ, കിട്ടിയ വോട്ട് പലകുറി എണ്ണി ഉറപ്പുവരുത്തിയശേഷം, മാർപാപ്പയായി പ്രഖ്യാപിക്കും.
20 തെരഞ്ഞെടുപ്പുകൾ വരെ
മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കും കിട്ടാത്ത സാഹചര്യത്തിൽ മൂന്നു ദിവസത്തേക്ക് ഈ പ്രക്രിയ തുടരും. ആദ്യദിവസം ഉച്ചകഴിഞ്ഞും തുടർന്നുള്ള ദിവസങ്ങളിൽ മൂന്നുനേരം വീതവുമാണ് തെരഞ്ഞെടുപ്പു നടക്കുക. ഇപ്രകാരം ഏഴു തെരഞ്ഞെടുപ്പുകൾക്കുശേഷവും മാർപാപ്പയെ കണ്ടെത്താനായില്ലെങ്കിൽ തെരഞ്ഞെടുപ്പിന് അവധി നൽകി നാലാംദിവസം കർദിനാൾമാർ പ്രാർഥനയിൽ മുഴുകും. അഞ്ചാം ദിവസം തെരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കും. ഇപ്രകാരം 20 തെരഞ്ഞെടുപ്പു പ്രക്രിയകൾക്കുശേഷവും മാർപാപ്പയെ കണ്ടെത്താനായില്ലെങ്കിൽ കേവല ഭൂരിപക്ഷം ലഭിക്കുന്നയാളെയോ കൂടുതൽ വോട്ട് ലഭിച്ച രണ്ടുപേരെ മാത്രം ഉൾപ്പെടുത്തി ഒരു തെരഞ്ഞെടുപ്പുകൂടി നടത്തി ഭൂരിപക്ഷം ലഭിക്കുന്നയാളെയോ മാർപാപ്പയായി പ്രഖ്യാപിക്കും.
മുൻകാലങ്ങളിൽ ഒത്തുതീർപ്പുകളിലൂടെ മാർപാപ്പയെ കണ്ടെത്തുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ ഈ പതിവ് ഉപേക്ഷിച്ചിരിക്കുകയാണ്.
‘നമുക്കൊരു പോപ്പിനെ ലഭിച്ചു’ നിയുക്ത മാർപാപ്പയെ കണ്ടെത്തിയാലുടൻ കർദിനാൾ സംഘത്തിന്റെ ഡീൻ, പദവി ഏറ്റെടുക്കാനുള്ള നിയുക്ത മാർപാപ്പയുടെ സമ്മതം ചോദിക്കും. കർദിനാൾ മാർ ജിയോവാനി ബാറ്റിസ്റ്റ റേ ആണ് ഇപ്പോഴത്തെ ഡീൻ. സമ്മതം ലഭിച്ചാലുടൻ ഏതു പേരിലാണ് മാർപാപ്പയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നതെന്നു ചോദിക്കും. അദ്ദേഹം പേരു വ്യക്തമാക്കുന്നതോടെ കർദിനാൾ മാർപാപ്പയാവുകയായി.
ഡീൻ, മാസ്റ്റർ ഓഫ് പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസിനെ സഹായികൾക്കൊപ്പം ഹാളിലേക്കു വിളിച്ചുവരുത്തും. മാസ്റ്റർ പുതിയ മാർപാപ്പയുടെ സമ്മതമറിയിക്കുന്നതും പേരുൾപ്പെടുന്നതുമായ രേഖ തയാറാക്കും. തുടർന്ന് എല്ലാ കർദിനാൾമാരും പുതിയ മാർപാപ്പയോടു വിധേയത്വം പ്രഖ്യാപിക്കുകയും സ്ഥാനചിഹ്നങ്ങൾ അണിയിക്കുകയും ചെയ്യും. മൂന്ന് അളവുകളിലുള്ള വെള്ളക്കുപ്പായം പുതിയ മാർപാപ്പയ്ക്കായി നേരത്തേ കരുതിവച്ചിട്ടുണ്ടാവും.
തുടർന്ന് ഏറ്റവും മുതിർന്ന കർദിനാൾ ബാൽക്കണിയിൽ വന്ന് വിശ്വാസികളെ അറിയിക്കുന്നു – ഹബേമൂസ് പാപ്പാം (നമുക്കൊരു പോപ്പിനെ ലഭിച്ചു). തുടർന്ന് പുതിയ മാർപാപ്പയുടെ പേരു പ്രഖ്യാപിക്കും. തൊട്ടുപിന്നാലെ വിശുദ്ധ പത്രോസിന്റെ പുതിയ പിൻഗാമി പുറത്തുവന്ന് തന്റെ ആദ്യ ശ്ലൈഹികാശീർവാദവും സന്ദേശവും നൽകും.കർദിനാൾമാർ മടങ്ങുംമുന്പ് പുതിയ മാർപാപ്പയെ പാലിയം അണിയിക്കുന്ന ചടങ്ങുകൂടിയുണ്ട്. സ്ഥാനമേറ്റ മാർപാപ്പയെ കിരീടം ധരിപ്പിച്ച് സിംഹാസനത്തിലിരുത്തി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എഴുന്നള്ളിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോഴതില്ല.
കറുത്ത പുകയും വെളുത്ത പുകയും
തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പേപ്പറുകൾ കത്തിച്ചുകളയുകയാണ് ചെയ്യുക. ഓരോ തെരഞ്ഞെടുപ്പുപ്രക്രിയ കഴിയുന്പോഴും പുതിയ മാർപാപ്പയെ കണ്ടെത്താനായില്ലെങ്കിൽ ബാലറ്റ് പേപ്പറുകളും വോട്ടിന്റെ എണ്ണം കുറിച്ച പേപ്പറുകളും നനഞ്ഞ വൈക്കോൽ ചേർത്താണ് കത്തിക്കുക. ഇതിനായി ചാപ്പലിനുള്ളിൽ പ്രത്യേക അടുപ്പുണ്ട്. ഇതിന്റെ ചിമ്മിനി ചാപ്പലിനുപുറത്ത് എല്ലാവരും കാണുംവിധം തുറന്നിരിക്കും. നനഞ്ഞ വൈക്കോൽ ചേർത്തു കത്തിക്കുന്പോഴുണ്ടാകുന്ന കറുത്ത പുക, മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടില്ലെന്ന അടയാളം ലോകത്തിനു നൽകുന്നു. (ആധുനികകാലത്തു വൈക്കോലിനു പകരം എന്തെങ്കിലും രാസവസ്തുക്കൾ ചേർത്തു കത്തിച്ചും കറുത്ത പുക വരുത്താം). എന്നാൽ, പുതിയ മാർപാപ്പയെ കണ്ടെത്താനായാൽ ബാലറ്റ് പേപ്പറുകൾ മാത്രം കത്തിക്കുകയും ശുഭസൂചകമായ വെളുത്ത പുക പുറത്തുവരികയും ചെയ്യും.
ഡേവിസ് പൈനാടത്ത്