അസാധാരണമായി വയറ് വീർത്തിരിക്കുന്നതു കണ്ടാണ് പതിനൊന്നു വയസുകാരനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. എക്സ്-റേ എടുത്ത ഡോക്ടർമാർ അന്പരന്നുപോയി. കുട്ടിയുടെ വയറ്റിൽ വലിയൊരു ലോഹവസ്തു. വിശദമായി പരിശോധിച്ചപ്പോൾ വീണ്ടും ഞെട്ടി. അത് 100 ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടിയായിരുന്നു.
വയറ്റിൽനിന്നു സ്വാഭാവികമായി സ്വർണക്കട്ടി പുറത്തുപോകാനായി ഡോക്ടർമാർ മരുന്നും നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഗോൾഡ് ബാർ പുറത്തെടുത്തു.
ക്വിയാൻ എന്നാണു കുട്ടിയുടെ പേര്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു ഗോൾഡ് ബാർ കുട്ടി വിഴുങ്ങിയത്. വയർ വീർത്തുവന്നതിനൊപ്പം കടുത്ത വയറുവേദനയും കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.