മുണ്ടക്കയം: കഞ്ചാവ്, മദ്യം, രാസലഹരി മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ദൂരദർശൻ കേന്ദ്രവും സമീപ പ്രദേശങ്ങളും. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ ആളൊഴിഞ്ഞ ഈ പ്രദേശം സാമൂഹ്യവിരുദ്ധർ തെരഞ്ഞെടുക്കുകയാണ്. ഇതിന് സമീപത്തായി മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇതിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഫാർമേഴ്സ് ഫെസിലിറ്റി സെന്ററിലെ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം നടന്നിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത് പതിവായ ഇവിടെ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു.മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് അധികാര കേന്ദ്രങ്ങൾക്ക് സമീപം സാമൂഹ്യവിരുദ്ധർ തമ്പടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നടപടിയെടുക്കേണ്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് കലാദേവി ഭാഗത്ത് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ലഹരി മാഫിയ തമ്പടിച്ചിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ലഹരിസംഘങ്ങൾ ഇവിടെനിന്ന് മാറി. ഇപ്പോൾ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടത്തുന്നതായും പറയപ്പെടുന്നു.വർധിച്ചു വരുന്ന ലഹരിസംഘങ്ങളെ പിടികൂടാൻ അധികൃതർ തയാറായില്ലെങ്കിൽ മേഖലയിൽ മോഷണവും അക്രമങ്ങളും വർധിക്കുമെന്നു നാട്ടുകാർ പറയുന്നു.