കൊച്ചി: ബന്ധുക്കളെയും അപരിചിതരായവരെയും കൊണ്ട് നിറഞ്ഞ ഇടപ്പള്ളി മങ്ങാട്ട് ജംഗ്ഷനിലെ നീരാഞ്ജനം വീട്. തങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ കരഞ്ഞിരിക്കുന്ന അമ്മമ്മ. അമ്മമ്മയെ ആശ്വസിപ്പിക്കുന്ന അമ്മ. സ്വീകരണമുറിയിലെ ആള്‍ക്കൂട്ടത്തില്‍ അപ്പൂപ്പനെയോര്ത്ത് വിതുമ്പുകയാണ് എട്ടു വയസുള്ള ഇരട്ടകളായ കേദാറും ദ്രുപദും. കാഷ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ (65) വീട് ശോകമൂകമാണ്.
വിഷുവിന് മുത്തച്ഛനൊപ്പം കളിചിരികളുമായി നടന്ന ഈ പേരക്കുട്ടികളുടെ മുഖം, കണ്മുമ്പില് കണ്ട ഭയാനക കാഴ്ചയുടെ നടുക്കത്തിലാണ്. അവധിക്ക് നാട്ടിലെത്തുമ്പോള്‍ കഥകള്‍ പറഞ്ഞു തരാറുള്ള, തങ്ങള്‍ക്കൊപ്പം കളിക്കാറുള്ള മുത്തച്ഛന് ഇതിനിടയിലും തങ്ങളുടെ പ്രിയപ്പെട്ട അപ്പൂപ്പന് എവിടെയെന്ന് ഇരുവരും തെരയുന്നുണ്ട്.
രാമചന്ദ്രന്റെ സംസ്കാരം നാളെ
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. ഇന്നലെ രാത്രി 7.40ഓടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം കൃഷി മന്ത്രി പി.പ്രസാദും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും ചേര്‍ന്ന് ഏറ്റുവാങ്ങി. ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട രാമചന്ദ്രന്റെ ഭാര്യ ഷീല, മകള്‍ ആരതി മേനോന്, ഇവരുടെ ഇരട്ടകുട്ടികളായ കേദാര്‍ എസ്. മേനോന്, ദ്രുപത് എസ്. മോനോന് എന്നിവര്‍ ഇന്നലെ മൃതദേഹത്തിനൊപ്പം നാട്ടിലെത്തി. തുടര്‍ന്ന് കൊച്ചിയിലെ റെനൈ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വിദേശത്തുള്ള സഹോദരന് എത്തിയശേഷം നാളെ സംസ്കരിക്കും. സഹോദരന് ഇന്ന് രാത്രി 11 ന് കൊച്ചിയില്‍ എത്തും.
നാളെ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 9.30ന് ഇടപ്പള്ളി മോഡേണ്‍ ബ്രഡിന് സമീപം മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്ടിലെത്തിക്കും. ചടങ്ങുകള്‍ക്ക് ശേഷം 11.30ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും. തിങ്കളാഴ്ചയാണ് രാമചന്ദ്രന് കുടുംബ സമേതം കാഷ്മീരിലേക്ക് പോയത്. നെടുമ്പാശേരിയില്‍ നിന്നും വിമാനത്തില്‍ ഹൈദരാബാദിലേക്കും ഇവിടെ ബന്ധുവീട് സന്ദര്‍ശിച്ച ശേഷം അവിടെ നിന്ന് കാഷ്മീരിലേക്കുമായിരുന്നു യാത്ര.
ചൊവ്വാഴ്ചയാണ് സംഘം പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രന്റെ മകന് അരവിന്ദ് മേനോന് ബംഗളൂരുവില്‍ ജോലി ചെയ്യുന്നതിനാല്‍ യാത്രയ്ക്ക് പോയിരുന്നില്ല. മകളുടെ മുന്നില്‍ വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ആരതിയും കുട്ടികളും വിഷുവിനോടനുബന്ധിച്ച് കഴിഞ്ഞിടെയാണ് നാട്ടിലെത്തിയത്. സംഭവത്തിന് പിന്നാലെ ആരതി മൃതദേഹം തിരിച്ചറിഞ്ഞ വാര്‍ത്ത തൃപ്പൂണിത്തുറയിലുള്ള ബന്ധുക്കളെ അറിയിച്ചതോടെയാണ് വിവരം നാട്ടില്‍ അറിഞ്ഞത്.
15 വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രന് രണ്ട് വര്‍ഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്. പിന്നീട് ചില സ്ഥാപനങ്ങളില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ശരത്(ദുബായ്), വിനീത (ബംഗളൂരു) എന്നിവരാണ് രാമചന്ദ്രന്റെ മരുമക്കള്‍.
സ്വന്തം ലേഖിക