ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ കടുത്ത നയതന്ത്ര നടപടികൾ സ്വീകരിച്ച ഇന്ത്യ, കൂടുതൽ നടപടികളിലേക്കു നീങ്ങുമെന്നു സൂചന. അപ്രതീക്ഷിതമായ നീക്കങ്ങളാകും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നാണു കരുതുന്നത്.
കൂട്ടക്കൊല നടത്തിയ ഭീകരർക്കു പാക്കിസ്ഥാനിൽനിന്നു സഹായം ലഭിച്ചെന്ന വിലയിരുത്തലിലാണ് ഇന്ത്യ. എന്നാൽ, പാക്കിസ്ഥാനല്ല ഇതിനു പിന്നിലെന്നു പാക്ക് പ്രതിരോധമന്ത്രി പ്രസ്താവന പുറപ്പെടുവിച്ചതിനാൽ വ്യക്തമായ തെളിവു ശേഖരിച്ചശേഷമാകും അടുത്ത നടപടികൾ. അതിനിടെ ഡൽഹിയിൽ ഇന്നു സർവകക്ഷി യോഗം ചേരും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലാണു യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്നാഥും സിംഗും വിവിധ പാർട്ടി നേതാക്കളോടു സംസാരിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും.
സർവകക്ഷിയോഗം വിളിക്കണമെന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്നു യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രിസഭ സമിതി യോഗത്തിൽ പാക്കിസ്ഥാനെതിരേ കടുത്ത തീരുമാനങ്ങളാണുണ്ടായത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത സിന്ധു നദീജല കാരാർ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിച്ചു.
പാക് പൗരന്മാര്ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയും വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. പാക്കികിസ്ഥാന് ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ക്കുള്ളില്‍ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍നിന്നു മുപ്പതായി വെട്ടിക്കുറയ്ക്കുന്നതായിരുന്നു മറ്റൊരു തീരുമാനം.
സേനകൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭീകരർക്കായുള്ള തെരച്ചിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രധാന റോഡുകളിലെല്ലാം പരിശോധന ശക്തമായി തുടരും. പഹൽഗാമിലേക്ക് അടക്കം കർശന ഗതാഗത നിയന്ത്രണങ്ങളും തുടരുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന മൂന്നു ഭീകരരുടെ രേഖാചിത്രം സുരക്ഷാസേന പുറത്തുവിട്ടു. പാക്കിസ്ഥാൻകാരായ ആസിഫ് ഫൗജി (മൂസ), സുലൈലമാൻ ഷാ (യൂനസ്), അബു തൽഹ (ആസിഫ്) എന്നിവരുടെ രേഖാചിത്രമാണു പുറത്തുവിട്ടത്. ഭീകരാക്രമണത്തിൽനിന്നു രക്ഷപ്പെട്ടവരുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്.
ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ-ഇ-തൊയ്ബ സീനിയർ കമാൻഡർ സയ്ഫുള്ള കസുരിയാണെന്ന് സുരക്ഷാസേന അറിയിച്ചു. ആക്രമണം നടത്തിയ അഞ്ച് ഭീകരരെ തിരിച്ചറിഞ്ഞു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണു കൊല്ലപ്പെട്ടത്. കൂട്ടക്കൊലയ്ക്കെതിരേ രാജ്യമെന്പാടും പ്രതിഷേധം അലയടിക്കുകയാണ്.
‘അതിർത്തിക്കപ്പുറത്തുള്ള മാസ്റ്റർമാരുടെ നിർദേശപ്രകാരം വെടിയുതിർത്തു’ ഔദ്യോഗിക എഫ്ഐആർ രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: പഹൽഗാമിലെ ബൈസരൻ പ്രദേശത്ത് ഏപ്രിൽ 22ന് വിനോദസഞ്ചാരികൾക്കുനേരേ തീവ്രവാദികൾ വെടിയുതിർക്കുകയും 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെത്തുടർന്ന് ഔദ്യോഗിക എഫ്ഐആർ രജിസ്റ്റർ ചെയ്തു. “അതിർത്തിക്കപ്പുറത്തുള്ള മാസ്റ്റർമാരുടെ നിർദേശപ്രകാരം നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ലഭിച്ച ഓട്ടോമാറ്റിക് ആയുധങ്ങളുമായി വിനോദസഞ്ചാരികൾക്കുനേരെ അജ്ഞാത ഭീകരർ വിവേചനരഹിതമായി വെടിയുതിർത്തു’ എന്ന് എഫ്ഐആറിൽ പറയുന്നു.
തെളിവു ചോദിച്ച് പാക്കിസ്ഥാൻ ഇന്നു സുരക്ഷാകൗൺസിൽ യോഗം
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈക്കൊണ്ട കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാക്കിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്നു ചേരും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം. അതിനിടെ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ച ആസിഫ് പാക് സേനകൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്നും പറഞ്ഞു. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ വലിയ ഇരകളിൽ ഒന്ന്. ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക് മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം പാക്കിസ്ഥാനെ ആക്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് പാക്കിസ്ഥാൻ ഐടി മന്ത്രി അസ്മ സയിദ് ബുഖാരി പറഞ്ഞു. അഭിനന്ദൻ വർധമാൻ സംഭവം ഓർമിപ്പിച്ചാണ് മന്ത്രിയുടെ പരാമർശം. അന്ന് അഭിനന്ദനെ ചായ കൊടുത്ത് വിട്ടുവെന്നും ഇനി ആക്രമിച്ചാൽ പാക് സൈന്യത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു. പാക്കിസ്ഥാൻ തീവ്രവാദത്തിനെതിരെ നിലകൊള്ളുന്ന രാജ്യമാണെന്നും ആക്രമണം അപലപനീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് താലിബാൻ
കാബൂൾ: ജമ്മുകാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. പഹൽഗാം ഭീകരാക്രമണം അപലപനീയമെന്നും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും താലിബാൻ പറഞ്ഞു. മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണ് ഭീകരാക്രമണമെന്നും പ്രസ്താവനയിൽ പറയുന്നു.
ഭീകരരെക്കുറിച്ച് വിവരം നല്കിയാൽ 20 ലക്ഷം
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പോലീസ്. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക.
കാഷ്മീരിൽനിന്നുള്ള സഞ്ചാരികളുടെ പലായനം ഹൃദയഭേദകം: ഒമർ അബ്ദുള്ള
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം കാഷ്മീരിൽനിന്നുള്ള വിനോദസഞ്ചാരികളുടെ പലായനം ഹൃദയഭേദകമാണെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 26 പേർ കൊല്ലപ്പെട്ട ഇന്നലത്തെ ആക്രമണത്തിനു ശേഷം വിനോദസഞ്ചാരികൾ കൂട്ടത്തോടെ കാഷ്മീർ വിടുകയാണ്. സഞ്ചാരികൾ പോകാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നു പൂർണമായും മനസിലാകുമെന്നും അബ്ദുള്ള സമൂഹമാധ്യമായ എക്സിൽ കുറിച്ചു.