പട്ടംപോലെ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകമനം കവരുകയും ചെയ്തു. മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വം ആണ് മാളവികയുടേതായി ഒരുങ്ങുന്ന പുതിയ മലയാള ചിത്രം. ഇപ്പോഴിതാ താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക.
തന്റെ ആദ്യ സിനിമയായ പട്ടം പോലെ തിയറ്ററിലെത്തിയ സമയത്താണ് തനിക്ക് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നുവെന്നാണ് മാളവിക തുറന്നുപറഞ്ഞത്. 2013 ലാണ് പട്ടം പോലെ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്മാന് ആയിരുന്നു നായകൻ. എന്നാല്‍ ചിത്രം പുറത്തു വന്നതിന് പിന്നാലെ എന്റെ മെലിഞ്ഞ ശരീര പ്രകൃതത്തെ അവഹേളിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ ഒരുപാട് വന്നു. അതെല്ലാം തന്നെ എന്നെ വലിയ രീതിയില്‍ ബാധിച്ചിരുന്നു.
അന്നെനിക്ക് 21 വയസായിരുന്നു പ്രായം. ആ സമയത്ത് എന്റേത് ഒരു മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നതിനാൽ അതിന്റെ പേരില്‍ എനിക്ക് ഒരുപാട് ട്രോള്‍ നേരിടേണ്ടി വന്നിരുന്നു. 2020 പകുതി എത്തിയപ്പോഴാണ് എന്റെ ശരീരം പിന്നീട് മാറി തുടങ്ങിയത്. പക്ഷേ ഏറ്റവും മോശമായ രീതിയില്‍ ആണ് എനിക്ക് എതിരേ അന്ന് ട്രോളുകള്‍ വന്നത്. ആ സമയത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവ വളരെ വിരളമായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമായും ഫേസ്ബുക്കിലാണ് എനിക്ക് അത്തരം ട്രോളുകള്‍ വന്നത്. എല്ലില്‍ തൊലി ചുറ്റിയ പോലെയുണ്ട് തുടങ്ങിയ കമന്റുകളൊക്കെ എനിക്ക് വന്നിരുന്നു.
ഒരുപാട് തരംതാഴ്ത്തുന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്. ആ സമയത്ത് അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. നമ്മള് ഒരാളുടെ ശരീരത്തെക്കുറിച്ച് നാണം കെടുത്തി സംസാരിക്കുമ്പോള്‍ അയാളുടെ ശരീരം മോശമാണെന്ന് അയാള്‍ക്ക് തന്നെ തോന്നാന്‍ തുടങ്ങും. അതൊരിക്കലും ഒരു നല്ല കാര്യമല്ല. നിങ്ങള്‍ അവരെ ബുള്ളി ചെയ്യുകയാണ്. പക്ഷേ ഇപ്പോള്‍ അതെന്നെ ബാധിക്കാറില്ല. ആ സ്റ്റേജിലേക്ക് എത്താന്‍ നമുക്കൊരു സമയം എടുക്കും.
സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് ഓരോ ഇന്‍ഡസ്ട്രിയിലും വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ഞാന്‍ വണ്ണം വച്ച് മുംബൈയിലേക്ക് ചെന്നാല്‍ എന്റെ മാനേജര്‍ ചോദിക്കും, നീ വണ്ണം വച്ചല്ലോ? വ്യായാമം നിര്‍ത്തിയോ?’ എന്നൊക്കെ. അതേസമയം ഞാന്‍ നല്ല ഫിറ്റായി, എബിഎസ് ഒക്കെയായി ചെന്നൈയിലേക്ക് വരുമ്പോള്‍ വണ്ണം വച്ചിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ പറയും. അതാണ് നിങ്ങള്‍ക്ക് ഭംഗി എന്ന് പറയും. അപ്പോള്‍ എനിക്ക് ഭയങ്കര സംശയമാകും. ഞാന്‍ ഫിറ്റായി ഇരിക്കണോ അതോ വണ്ണം വയ്ക്കണോ എന്ന്. ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുക, ഫിറ്റ് ആയിരിക്കുക എന്നൊരു ഘട്ടത്തിൽ ഞാനെത്തി- മാളവിക പറഞ്ഞു.
അതുപോലെ തെന്നിന്ത്യന്‍ സിനിമയില്‍ നായികമാരുടെ നേവലിന് അമിത പ്രാധാന്യം നല്‍കുന്നുണ്ട്. അതെനിക്ക് തികച്ചും പുതിയൊരു കാര്യമായാണ് തോന്നിയത്. ഞാന്‍ മുംബൈയില്‍ വളര്‍ന്നതിനാല്‍ ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നേവലിന് ഇവിടെ ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എനിക്കു തികച്ചും പുതിയൊരു കാര്യമായിരുന്നു- മാളവിക കൂട്ടിച്ചേർത്തു.