ചേര്‍ത്തല: നാലരവയസുകാരിയായ മകള്‍ക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് 18 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ.
ഫോര്‍ട്ടുകൊച്ചി തുരുത്തിവെളി കോളനി നസിയത്തു വീട്ടില്‍ ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് തൃച്ചാറ്റുകുളം ചെട്ടുകാട് വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. വാണി ശിക്ഷിച്ച് ഉത്തരവായത്.
2022 ഓഗസ്റ്റ് അഞ്ചിന് പൂച്ചാക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മ ജോലിക്കു പോയ സമയം കുട്ടിയെ സ്കൂളില്‍നിന്നു വിളിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുകയായിരുന്നു.
പിന്നീട് കുട്ടിയില്‍നിന്നു കാര്യങ്ങള്‍ മനസിലാക്കിയ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മൂന്നു വകുപ്പുകളിലായി ആറുവര്‍ഷം വീതമാണ് തടവും 50,000 പിഴയും വിധിച്ചത്.
സബ് ഇന്‍സ്പക്ടര്‍ കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പോലീസ് ഇന്‍സ്പക്ടര്‍ എം. അജയമോഹനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിനാ കാര്ത്തികേയന് ഹാജരായി.