കോന്നി: കോന്നി ഇക്കോ ടൂറിസം കേന്ദ്രം നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം അട്ടിമറിച്ചു. ഒരാഴ്ച മുന്പ് നാലുവയസുകാരന്റെ ദാരുണാന്ത്യത്തിനു കാരണമായത് ആനത്താവളത്തിലെ ജീവനക്കാരുടെ നിഷ്ക്രിയത്വവും നിർമാണത്തിലെ അപാകതയുമാണെന്നു വ്യക്തമായതാണ്. ഇതിനു മുന്പും കുട്ടികൾക്ക് ആനത്താവളത്തിലെ കളി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങൾ പലതും ഉണ്ടായിട്ടുണ്ട്.
നിലവാരം കുറഞ്ഞ കളി ഉപകരണങ്ങൾ അശാസ്ത്രീയമായി സ്ഥാപിച്ചതു സംബന്ധിച്ച പരാതികളിലാണ് അന്വേഷണം അട്ടിമറിച്ചത്.
ആനത്താവളത്തിൽ കുട്ടികൾക്കായി നിർമിച്ചിരിക്കുന്ന പാർക്കും അതിലെ കളി ഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ, വിനോദോപാധികൾ എന്നിവയെല്ലാം കാലപ്പഴക്കം ചെന്നതും അശാസ്ത്രീയമായി നിർമിച്ചവയുമാണ്.
കുട്ടികൾക്കായുള്ള സീസോ പാർക്ക് തുടക്കത്തിൽ മാത്രമാണ് കുഴപ്പമില്ലാതെ പ്രവർത്തിച്ചത്. കുട്ടികൾ തെന്നി ഇറങ്ങുന്ന കളി ഉപകരണത്തിന്റെ നിർമാണവും അശാസ്ത്രീയമായാണ്.കുത്തനെയുള്ള പൈപ്പിൽ ഇരുമ്പ് പാളിയിലുടെ ഉയരത്തിൽ നിന്നും തെന്നി ഇറങ്ങിയ രണ്ട് കുട്ടികൾക്ക് നട്ടെല്ലു സംബന്ധമായ പ്രശ്നം മുമ്പ് ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് കയറിയ ഒരു കുട്ടി പടികളിൽ നിന്നും തെന്നി വീണു കൈകൾക്കു സാരമായ പരിക്കേറ്റ സംഭവവും മുമ്പ് ഉണ്ടായിട്ടുണ്ട്.
ഫൈബർ ഉപകരണങ്ങൾ നല്ല നിലവാരത്തിൽ നിർമിച്ചവ വിപണിയിൽ ലഭ്യമാണെങ്കിലും കമ്മീഷൻ തുകയും എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിയും തട്ടിയെടുക്കാൻ തത്പരരായ ചിലരാണ് ഇത്തരത്തിൽ പാർക്ക് ഒരുക്കിയിട്ടുള്ളത്. നിരവധി സഞ്ചാരികൾ എത്തുമ്പോഴും അവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒന്നുംതന്നെ ആനത്താവളത്തിൽ ലഭ്യമല്ല.
പരിസ്ഥിതി സൗഹാർദ്ദ വിനോദ സഞ്ചാര കേന്ദ്രം ആയിരുന്നിട്ടും നിർമാണ പ്രവർത്തനങ്ങളിൽ പലപ്പോഴും ഇതുണ്ടാകാറില്ല. പല നിർമിതികളുടെയും എസ്റ്റിമേറ്റ് തുകയും ചെലവായ തുകയും താരതമ്യം ചെയ്താൽ ക്രമക്കേടുകൾ വ്യക്തമാകുമെന്ന് നാട്ടുകാരനായ വിജയൻ നായർ പറഞ്ഞു.
ഇക്കോടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പ്രദേശവാസികൾക്ക് പങ്കാളിത്തം ഉണ്ടാകുന്നില്ലെന്ന് കോന്നി ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് വർഗീസ് തേയിലശേരിയിൽ, ട്രഷറാർ രാജീസ് കൊട്ടാരം എന്നിവർ ആരോപിച്ചു.
ഹരിതചട്ടങ്ങളും പരിസ്ഥിതി സൗഹാർദവുമായ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടപ്പോൾ പ്രാദേശിക തൊഴിൽ അവസരങ്ങൾ ധാരാളം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോന്നിക്ക് പുറമേനിന്നുള്ളവരാണ് കേന്ദ്രത്തിലെ വിവിധ ജോലികളിൽ നിലവിലുള്ളത്.
അമിതമായ പാർക്കിംഗ് ഫീസും പ്രവേശന ടിക്കറ്റ് നിരക്കുമാണ് മറ്റൊരു പ്രശ്നം. നാല് ആനകളെ മാത്രം കാണാവുന്ന സ്ഥലത്തു വനം വകുപ്പ് പല തരത്തിലും ജനങ്ങളെ പിഴിയുകയാണ്. മിനി തിയേറ്ററിന്റെ പേരിലും അമിത നിരക്കാണ് ഈടാക്കുന്നത്. ആനത്താവളം വൈകുന്നേരം 5.30ന് അടയ്ക്കും. എന്നാൽ പാർക്ക് രാത്രി എട്ടുവരെ തുടരണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
സമഗ്രമായ അന്വേഷണം വേണം
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ മേൽനോട്ടവും സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായിനിർവഹിക്കേണ്ട വന വികാസ ഏജൻസിയുടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പൂർണമായി ഒഴിവാക്കി താഴെ തലത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരേ മാത്രം സസ്പെൻഷൻ നടപടി സ്വീകരിച്ചത് പുന:പരിശോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ സലിൽ വയലത്തല ആവശ്യപ്പെട്ടു.
വേലിക്കല്ല് വീണ് നാലു വയസുകാരൻ മരിച്ചതിന് ഉത്തരവാദികളായ എല്ലാവരേയും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നതിനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്ന് സലിൽ ആവശ്യപ്പെട്ടു.
സുരക്ഷാ ഭീഷണിയും ഏറെ
നൂറുകണക്കിന് സന്ദർശകർ വരുന്ന ആനത്താവളത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.പാർക്കും ആന നിൽക്കുന്ന സ്ഥലങ്ങളും പാർക്കിഗ് സ്ഥലങ്ങളുംഅടിയന്തരമായി സുരക്ഷിതമാക്കി എത്രയും വേഗം അവധിക്കാല സഞ്ചാരികൾക്ക് ഉപയോഗപ്പെടുത്താൻ തുറന്നുകൊടുക്കണമെന്ന് കേരള കോൺഗ്രസ് -എംകോന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.