തിരുവനന്തപുരം: കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന പാകിസ്ഥാൻ പൗരന്മാരെ മടക്കി അയക്കാനുള്ള നടപടികൾ നാളെ വൈകുന്നേരം അഞ്ചിന് മുൻപ് കൈക്കൊള്ളണമെന്ന് കേ
ന്ദ്ര ആഭ്യന്തരമന്ത്രാലയം അന്ത്യശാസനം നൽകി. മെഡിക്കൽ വിസയിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഇളവ് വേണ്ടെന്നാണ് തീരുമാനം.നേരത്തെ സന്ദർശക വിസയിൽ കഴിയുന്നവർ 27നും മെഡിക്കൽ വിസയിൽ കഴിയുന്നവർ 29നും രാജ്യം വിടാനുമാണ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇളവൊന്നും വേണ്ട എന്ന തീരുമാനത്തിനു പുറത്താണ് നാളത്തന്നെ എല്ലാ പാക് പൗരന്മാരും രാജ്യം വിടണമെന്ന് നിർദേശിച്ചിരിക്കുന്നത്. അതേസമയം മുസ്ലിം ഇതര മത വിഭാഗത്തിൽപ്പെട്ട പാക് പൗരന്മാർക്ക് ഇത് ബാധകമല്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് പാക് പൗരൻമാരെ മടക്കി അയക്കേണ്ടതിന്റെ പ്രാധാന്യവും സ്ഥിതിഗതികളും അറിയിച്ചിരുന്നു. ചികിത്സയ്ക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും വ്യാപാര ആവശ്യങ്ങൾക്കുമായാണ് പാക് പൗരൻമാർ കേരളത്തിൽ തങ്ങുന്നത്. അതേ സമയം തമിഴ്നാട്ടിൽ കഴിയുന്ന 200 പാക് പൗരൻമാരെ മടക്കി അയക്കാനുള്ള നടപടികൾ ഇന്നലെയോടെ തമിഴ്നാട് സർക്കാർ പൂർത്തിയാക്കി.