കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയിൽ സദസിന്റെ ഇടയിൽനിന്ന് ഒരു മധുരശബ്ദം ഉയർന്നു, ഗുഡ് മോർണിംഗ് പിണറായി അങ്കിൾ- നിഷാൻ ഷെറഫ് എന്ന കൊച്ചുമിടുക്കനാണ് ചോദ്യവും നിർദേശവുമായി മുഖ്യമന്ത്രിയോട് സംവദിച്ചത്.
ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വിഷയത്തെപ്പറ്റി വിശദമായി അറിയാനായി അത് സിലബസിന്റെ ഭാഗമാക്കണമെന്നായിരുന്നു ആദ്യ ആവശ്യം. വിദേശത്ത് വിദ്യാർഥികൾ പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതുപോലെ നാട്ടിലുള്ള കോളജ് വിദ്യാർഥികൾക്കും അവസരം ലഭിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം.
നിഷാനിന്റെ സംശയങ്ങൾക്ക് വിശദമായി മുഖ്യമന്ത്രി മറുപടി നൽകി. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ കോഡിംഗിനെപ്പറ്റി പ്രാഥമിക തലത്തിലുള്ള പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധ്യാപകർക്ക് കൈമാറാനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തെയും നാട്ടിലെയും പഠനരീതികളിലെ വ്യത്യാസം പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതിന് ഒരു വെല്ലുവിളിയാണ്.
തൊഴിലിനോടുള്ള സമൂഹത്തിന്റെ നിലവിലെ മനോഭാവവും മാറേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് നിഷാൻ.