കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്ലീം ചികിത്സയ്ക്കിടെ മരിച്ച കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ നിന്നു മാറ്റിയാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.ക്രൈംബ്രാഞ്ച് സംഘത്തിന്റെ രൂപീകരണം ഉടന്‍ നടക്കും.
ഷംനയുടെ പിതാവ് അബൂട്ടി നേരിട്ടു നടത്തിയ അഭ്യര്ഥനയ്ക്കുശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ഡിജിപി തീരുമാനിച്ചത്. ജൂലൈ 18ന് കുത്തിവയ്പ്പിനെതുടര്ന്നുണ്ടായ ഹൃദയാഘാതത്തില്‍ മരണമടഞ്ഞ ഷംനയുടെ കേസ് പല ഘട്ടങ്ങളിലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പിതാവ് കഴിഞ്ഞദിവസം ഡിജിപിയെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനിച്ചതായി ഡിജിപി തന്നെ അബൂട്ടിയെ അറിയിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നതായി ഷംനയുടെ കുടുംബാംഗങ്ങളും കണ്ണൂര്‍ ശിവപുരം സ്വദേശികളായ നാട്ടുകാരും അറിയിച്ചു.