മാഡ്രിഡ്: ലോകഫുട്‌ബോളില്‍ ഇപ്പോള്‍ കേമന്‍ ആരെന്ന ചോദ്യത്തിന് ലയണല്‍ മെസിയെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നും പറയുന്നവരുണ്ട്. ഇരുവരും കൈവരിക്കുന്ന നേട്ടങ്ങളും കളിമികവുമൊക്കെയാണ് ഇതിനു നിദാനം. നേട്ടങ്ങള്‍ ഓരോന്നു വെട്ടിപ്പിടിച്ചു മുന്നേറുകയാണ് ഇരുവരും. ഇപ്പോഴിതാ റൊണാള്‍ഡോ വലിയ ഒരു നേട്ടത്തിന്റെ ആവേശത്തിലാണ്. തന്റെ ക്ലബ് കരിയറില്‍ 350 ഗോള്‍ എന്ന ചരിത്ര നേട്ടമാണ് റൊണാള്‍ഡോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
350 എന്ന നാഴികക്കല്ല് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലീഗ് പോരാട്ടത്തില്‍ ഹാട്രിക് നേടിക്കൊണ്ടാണ്. 17–ാം മിനിറ്റില്‍ റയലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി കരിയറില്‍ 350 ഗോളുകള്‍ തികച്ചു. പിന്നീടു നേടിയ രണ്ടു ഗോളുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ റൊണാള്‍ഡോ ഇതുവരെ 352 ഗോളുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
അലാവ്‌സിനെതിരേ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് റയല്‍ വിജയിച്ചത്. റയലിനുവേണ്ടി അല്‍വാരോ മൊറാത്തയും സ്‌കോര്‍ ചെയ്തു. അല്‍വാരസിന്റെ ആശ്വാസ ഗോള്‍ ബ്രും സില്‍വ അകോസ്തയുടെ ബൂട്ടില്‍നിന്നായിരുന്നു.
കളി ചൂടുപിടിക്കുംമുമ്പേ അലാവ്‌സ് റയലിനെ ഞെട്ടിച്ചു. ഏഴാം മിനിറ്റില്‍ അകോസ്തയുടെ ഷോട്ട് റയലിന്റെ വലകുലുക്കി. മിനിറ്റുകള്‍ക്കുള്ളില്‍ റയല്‍ സമനില വീണ്ടെടുത്തു. പെനാല്‍റ്റിയില്‍നിന്നും ക്രിസ്റ്റ്യാനോയാണ് സമനില നേടിയത്. റഫറിയുടെ തെറ്റായ തീരുമാനമാണ് അലാവസിനെ ചതിച്ചത്. ബോക്‌സിനു വലതു പാര്‍ശ്വത്തില്‍നിന്നും റൊണാള്‍ഡോ എടുത്ത ഫ്രീ കിക്ക് അലാവസ് പ്രതിരോധ മതില്‍ തട്ടിത്തെറിച്ചു. എന്നാല്‍, ഒരു പ്രതിരോധനിരക്കാരന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. റഫറിയുടെ തീരുമാനം തെറ്റായിരുന്നെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു.
33–ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും അലാവസ് വല കുലുക്കി. ബോക്‌സിന്റെ ഇടതു മൂലയില്‍നിന്നും തൊടുത്ത ഷോട്ട് അലാവസ് ഗോള്‍വര കടന്ന് വല തുളച്ചു. വീണ്ടും റയലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി തുലച്ച റൊണാള്‍ഡോ ഹാട്രിക് അവസരം നഷ്ടമാക്കി. കളിയുടെ അവസാന മിനിറ്റുകളില്‍ മൊറാത്ത റയല്‍ ലീഡ് മൂന്നായി വര്‍ധിപ്പിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റൊണാള്‍ഡോ ഹാട്രിക് തികയ്ക്കുകയും ചെയ്തു.
352–ല്‍ കൂടുതലും റയലിനായി
ക്ലബ് കരിയറില്‍ റൊണാള്‍ഡോ 350 ഗോള്‍ പിന്നിട്ടപ്പോള്‍ അതില്‍ കൂടുതലും നേടിയത് റയല്‍ മഡ്രിഡിനായി. 243 മത്സരങ്ങളില്‍നിന്ന് 265 ഗോളുകളാണ് റയലിനായി റൊണാള്‍ഡോ ഇതുവരെ നേടിയിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 196 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 84 ഗോളുകള്‍ ആ ബൂട്ടില്‍നിന്നു പിറന്നു. ബാക്കിയുള്ള മൂന്നു ഗോളുകള്‍ സ്‌പോര്‍ട്ടിംഗ് ടീമിനു വേണ്ടിയായിരുന്നു. 464 മത്സരങ്ങളില്‍നിന്നാണ് റൊണാള്‍ഡോ 350 ഗോളുകള്‍ തികച്ചത്. ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന താരം കൂടിയാണ് റൊണാള്‍ഡോ.
ലാ ലിഗയില്‍ റൊണാള്‍ഡോ നേരിട്ട എല്ലാ ടീമിനെതിരേയും ഗോള്‍ നേടിയിട്ടുണ്ട് എന്നതും അദ്ദേഹത്തിന്റെ വലിയ മികവാണ്. ദേശീയ ടീമിനു വേണ്ടി 66 ഗോളുകളും റൊണാള്‍ഡോ സ്വന്തമാക്കിക്കഴിഞ്ഞു. അതായത് 500 എന്ന മാന്ത്രിക സംഖ്യയിലേക്കെത്താന്‍ 31കാരനായ റൊണാള്‍ഡോയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. റൊണാള്‍ഡോ സ്പാനിഷ് ലീഗില്‍ നേടിയ ഗോളുകളില്‍ 53ഉം പെനാല്‍റ്റിയില്‍നിന്നായിരുന്നു. അതായത് 20 ശതമാനം.