മുക്കം: പന്നിക്കോട് ലൗഷോര്‍ സ്പെഷല്‍ സ്ക്കൂളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ നേരില്‍ കാണാനും അവര്‍ക്കിടയില്‍ പാട്ടും കളിയുമായി മനം നിറയെ സന്തോഷവും ആനന്ദവും പകര്‍ന്ന് കൊണ്ട് ഏതാണ്ട് ഒരു മണിക്കൂറോളം പ്രശസ്ത സിനിമാ താരം ജയസൂര്യ ലൗ ഷോറില്‍ ചിലവഴിച്ചു. കുട്ടികളോടൊത്ത് ആടിയും പാടിയും കെട്ടിപ്പിടിച്ചും എടുത്തുപൊക്കിയും നര്‍മ്മങ്ങള്‍ നിറഞ്ഞ സംസാരവും എല്ലാം കുട്ടികള്‍ക്കൊരു പുതിയ അനുഭവമായി. തങ്ങള്‍ ടിവിയില്‍ മാത്രം കണ്ട ഈ താരത്തെ കണ്മുമ്പില് ഇങ്ങനെ കണ്ടപ്പോള്‍ പലരും ആശ്ചര്യത്തോടെ നോക്കി നില്ക്കുന്നുണ്ടായിരുന്നു.
ജയസൂര്യ സിനിമയില്‍ സ്വന്തമായി പാടിയ പാട്ടുകള്‍ കുട്ടികള്‍ അദ്ധേഹത്തിന് പാടി കൊടുത്തപ്പോള്‍ തന്റെ പാട്ടുകള്‍ പലരും പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ നിഷ്കളങ്കമായ ഒരു മനസില്‍നിന്ന് ആദ്യമായാണ് ഇത് കേള്‍ക്കുന്നതെന്നും ജയസൂര്യ പറഞ്ഞു. ഈ മക്കളെ ലഭിച്ചതില്‍ രക്ഷിതാക്കള്‍ നിരാശ പെടേണ്ടെതില്ലെന്നും അവരെ സംരക്ഷിക്കാന്‍ മനസ്സുള്ളവര്‍ക്ക് തന്നെയാണ് ദൈവം ഈ മക്കളെ നല്‍കിയതെന്നും ലൗഷോര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ജയസൂര്യ പറഞ്ഞു.
തങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ സമ്മാനമായി നല്‍കിയാണ് കുട്ടികള്‍ അദ്ദേഹത്തെ യാത്രയയച്ചത്. സ്വീകരണ സമ്മേളനത്തില്‍ ലൗഷോര്‍ ജനറല്‍ സെക്രട്ടറി യു.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ബൈജു രാജ്, എം.ടി. അഷ്റഫ്, ജസ്റ്റിന്, ബംഗാളത്ത് അബ്ദുറഹിമാന് ,റഷീഫ് കണിയാത്ത് തുടങ്ങിയവര്‍ താരത്തെ സ്വീകരിച്ചു.