ക്വാന്ടണ് : ഇന്ത്യ–പാക്കിസ്ഥാന് പോരാട്ടങ്ങള്‍ എന്നും പ്രത്യേകതയാണെങ്കിലും കഴിഞ്ഞ ദിവസത്തെ വിജയം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷ്. കളത്തില്‍ നില്ക്കുമ്പോള് കളത്തിനു വെളിയില്‍ ചങ്കിടിപ്പോടെ നില്ക്കുന്ന കളിക്കാരുടെ വികാരങ്ങള്‍ പോലും തനിക്ക് മനസിലാക്കാന്‍ പറ്റുമായിരുന്നെന്നും എറണാകുളം സ്വദേശിയായ ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചു കിരീടം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഹോക്കി മുമ്പോട്ടു പോകണമെന്നും ആഗോള തലത്തില്‍ ഇതിലും വലിയ വേദികളില്‍ കിരീടങ്ങള്‍ സ്വന്തമാക്കണമെന്നും ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന് റൊയ്ലന്റ് ഓള്‍ട്ട്മാന്‍സ് പ്രതികരിച്ചു. രാജ്യം മുഴുവന്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ മലേഷ്യയിലെ ക്വാന്ടണ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ 3–2 എന്ന സ്കോറില്‍ കീഴടക്കിയാണ് ഇന്ത്യന്‍ ടീം ദീപങ്ങളുടെ ഉത്സവം കൊണ്ടാടിയത്. തുടര്‍ച്ചയായി മുന്നാം കിരീടം ലക്ഷ്യംവച്ച പാക്കിസ്ഥാനെ നിലംപരിശാക്കിയ തന്റെ കുട്ടികളെ അഭിനന്ദിച്ച ഓള്‍ട്ട്മാന്‍സ് ഇന്ത്യക്ക് ഈ കിരീടം നേടുകയല്ലാതെ മറ്റൊരു മാര്ഗവുമില്ലായിരുന്നെന്നും പറഞ്ഞു.
തന്റെ പരിശീലക ചരിത്രത്തിലെ ഇരുപതാമത്തെ ഇന്ത്യ–പാക് മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. അതിനാല്‍ ഉപഭൂഖണ്ഡത്തിലെ പോരാട്ടത്തിന്റെ വികാരം മനസിലാകും. സമര്‍ദം ഏറിയ ഘട്ടത്തില്‍ പോലും പിടിച്ചുനിന്നതാണ് വിജയത്തില്‍ നിര്‍ണായകമായതെന്നും ഓള്‍ട്ട്മാന്‍സ് പറഞ്ഞു.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം രാജ്യത്തിനുള്ള ദീപാവലി സമ്മാനമാണെന്ന് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച സര്‍ദാര്‍ സിംഗ് പറഞ്ഞു. ഫൈനലില്‍ ഇന്ത്യ നേടിയ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് സര്‍ദാര്‍ സിംഗ് ആയിരുന്നു. 2011ലെ പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട ഇന്ത്യയുടെ രണ്ടാം കിരീടമായിരുന്നു ക്വാന്ടണിലേത്. 2012ലും 2013ലും പാക്കിസ്ഥാനായിരുന്നു കിരീടം.