ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇനി വില കൂടും. തൊഴിലാളികളുടെ ശമ്പളവര്‍ധനയും ആഗോളവിപണിയില്‍ ഉത്പന്നങ്ങള്‍ക്കു ആവശ്യക്കാര്‍ കുറഞ്ഞതുമാണ് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ചൈനീസ് നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കിയത്.
ചൈനയിലെ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇതിനു കാരണം. ഇതോടെ പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറച്ച് പ്രവര്‍ത്തനങ്ങള്‍ യന്ത്രവത്കരിച്ചു. ഉത്പനങ്ങളുടെ വില കൂട്ടാതെ ഇനി പിടിച്ചുനില്‍ക്കാനാവില്ല എന്നാണ് കമ്പനികള്‍ പറയുന്നത്.
ചൈന നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു ജിയാങ്മെന്‍ നഗരത്തിലെ പ്രമുഖ വ്യവസായി റോഗര്‍ സാഓ പറയുന്നതിങ്ങനെ: ഉത്പാദനച്ചെലവു വലിയ തോതില്‍ രാജ്യത്തു വര്‍ധിച്ചിരിക്കുകയാണ്. ഉത്പന്നങ്ങള്‍ ഇനിയും വിലക്കുറച്ചു വില്ക്കാന് സാധിക്കാത്ത അവസ്ഥയാണുള്ളത്. വില വര്‍ധിപ്പിക്കുക എന്നതു മാത്രമാണു നിലവില്‍ സംഭവിച്ചിരിക്കുന്ന നഷ്ടം നികത്താനുള്ള ഏക മാര്‍ഗം.
കഴിഞ്ഞ സെപ്റ്റംബറിലാണു ചൈനയില്‍ അഞ്ചു വര്‍ഷംകൂടി ഉത്പാദനച്ചെലവു വര്‍ധിച്ചത്. വിലവര്‍ധന പ്രതികൂലമായി ബാധിക്കുക ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ജപ്പാന്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളെയാവും. ചൈനീസ് ഉത്പന്നങ്ങളുടെ 25 ശതമാനം കയറ്റുമതിയും ജപ്പാനിലേക്കാണ്. ഓസ്ട്രേലിയയിലേക്ക് 23 ശതമാനവും.