സാധാരണക്കാരന്റെ രാജകീയ ഭക്ഷണം എന്നാണ് കപ്പയെ പൊതുവേ വിശേഷിപ്പിക്കുന്നത്. എന്നാല്‍, കപ്പയ്ക്കും ഇപ്പോള്‍ രാശി തെളിഞ്ഞിരിക്കുകയാണ്. വന്‍കിട സ്റ്റാര്‍ ഹോട്ടലുകളിലെ മെനുവിലും കയറിപ്പറ്റിയതോടെ കപ്പയുടെ വില കുതിച്ചുയര്‍ന്നു. മുന്‍വര്‍ഷങ്ങളില്‍ കിലോഗ്രാമിന് 22 രൂപ വരെ വില മാത്രമുണ്ടായിരുന്ന പച്ചക്കപ്പയ്ക്ക് ഈ വര്‍ഷം 30 മുതല്‍ 33 വരെയാണു വില.
സംസ്ഥാനത്ത് കപ്പയുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലവസ്ഥ വ്യതിയാനം കപ്പയുടെ വിളവെടുപ്പിന് തിരിച്ചടിയായി. തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍നിന്നുപോലും കപ്പ കേരളത്തിലേയ്ക്ക് വ്യാപകമായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതും വിലവര്‍ധനവിന് കാരണമായി. കേക്ക്, മിഠായി എന്നിവയുടെ നിര്‍മാണത്തിലും കപ്പനൂറിന്റെ ഉപയോഗം ഉണ്ട്. സ്പഗത്തി, നൂഡില്‍സ് തുടങ്ങിയ ഉല്പന്നങ്ങള് കപ്പമാവില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കപ്പയുടെ വലിയ ഒരു വ്യവസായിക ഉപയോഗം കന്നുകാലിത്തീറ്റ നിര്‍മാണരംഗത്ത് ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍ കപ്പ കൃഷി കൂടുതലുള്ളത് ഇടുക്കി, കോട്ടയം ജില്ലകളിലാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലും കൃഷി വ്യാപകമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കപ്പയുടെ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും വന്‍ കയറ്റുമതിയാണ് നടത്തുന്നത്.