2006 ല്‍ 49 കാരനായ പ്രഫസറുടെയും 19 കാരിയായ ശിഷ്യയുടെയും പ്രണയം അന്ന് ദൃശ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വിദേശ മാധ്യമങ്ങളിലും അക്കാലത്ത് അവര്‍ നിറഞ്ഞു നിന്നു. ഇരുവര്‍ക്കും 30 വയസിന്റെ വ്യത്യാസം. ബിഹാറിലെ പാറ്റ്‌ന യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി പ്രഫസറായിരുന്നു മട്ടൂക്കുനാഥ ചൌധരി. ഒരു സെമിനാറില്‍ വച്ചാണ് 19 കാരിയായ ജൂലിയെ കണ്ടുമുട്ടുന്നത്. അന്ന് മൊട്ടിട്ട ഇരുവരിലെയും പ്രണയം തുറന്നുപറഞ്ഞത് ജൂലിയായിരുന്നു. ജൂലിയെ പിന്തിരിപ്പിക്കാന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ മട്ടൂക്‌നാഥ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഇരുവരും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു.
ഇതോടെ സമൂഹം ഇവര്‍ക്കെതിരേ തിരിഞ്ഞു. ഭാര്യയും, കൂട്ടരും ചേര്‍ന്ന് ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു. ഗാര്‍ഹിക പീഡനകുറ്റം ചുമത്തി മട്ടൂക്‌നാഥിനെയും ജൂലിയെയും ജയിലിലാക്കി. പാറ്റ്‌ന യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. 2009 ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ജയില്‍ മോചിതനായ മട്ടൂക് നാഥ് ജൂലിയ്‌ക്കൊപ്പം പാറ്റ്‌ന വിട്ടു ഭാഗല്‍പ്പൂരിലെത്തി. കോടതിയില്‍ കേസ് നടന്നു. 2013 ഫെബ്രുവരി 13 ന് കോടതി വിധിവന്നു. ജോലി തിരിച്ചുകിട്ടി.
സ്വന്തമായുള്ള ഒരു സൈക്കിള്‍ റിക്ഷയിലായിരുന്നു ഇരുവരുടെയും സഞ്ചാരം. ജൂലിയെ പിന്നിലിരുത്തി പ്രൊഫസര്‍ റിക്ഷ ചവുട്ടി പോകുന്നത് നഗരത്തിലെ വീഥികള്‍ക്ക് പുതുമയുള്ള കാഴ്ചയായിരുന്നു. മാധ്യമങ്ങള്‍ ഇവരുടെ ജീവിതകഥ ശരിക്കും ആഘോഷിച്ചു. ഇന്ന് പ്രഫസര്‍ക്ക് പ്രായം അറുപതും ജൂലിക്ക് വയസ് മുപ്പതും.